ബിജെപിക്കായിറങ്ങിയ ഭാര്യയുടെ തെരഞ്ഞെടുപ്പ് വിജയം പണം വിതറി ആഘോഷിച്ച് രവീന്ദ്ര ജഡേജ, വീഡിയോ വൈറൽ
|കോൺഗ്രസ് കുടുംബമാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടേത്
ജാംനഗർ: ഗുജറാത്ത് ജാംനഗർ നോർത്തിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയായ ഭാര്യ റിവാബയുടെ വിജയം പണം വിതറി ആഘോഷിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഡിസംബർ എട്ടിന് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് താരം നടത്തിയ ആഘോഷ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഓൾറൗണ്ടറായ താരം ഒരു കൂട്ടം ഡോൾ മേളക്കാർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ മേളത്തിനൊപ്പിച്ച് ജഡേജ പണം വിതറുന്നതും കാണാം. പത്തു രൂപയുടെ നോട്ടാണ് നൽകുന്നത്. നിരവധി കമൻറുകളാണ് വീഡിയോക്ക് താഴെ വരുന്നത്. നോട്ടു നിരോധനത്തിന് ശേഷം ഞാൻ ചെയ്തതാണ് ജഡ്ഡു ബായി ഇപ്പോൾ ചെയ്യുന്നതെന്നായിരുന്നു ഒരു കമൻറ്.
53,570 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചത്. എഎപിയുടെ കർഷൻബായ് കർമുറായിരുന്നു പ്രധാന എതിരാളി. മണ്ഡലത്തിൽ 2012ൽ കോൺഗ്രസും 2017ൽ ബിജെപിയുമാണ് ജയിച്ചിരുന്നത്. ഡിസംബർ 1നാണ് ജാംനഗറിൽ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് എം.എൽ.എയായ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയാണ് 2019ൽ ബി.ജെ.പിയിൽ ചേർന്ന റിവാബയെ സ്ഥാനാർഥിയാക്കിയത്. 32 കാരിയായ റിവാബ ജുനാഗഡ് സ്വദേശിയും ഭർത്താവ് ക്രിക്കറ്ററായ രവീന്ദ്ര ജഡേജ ജാംനഗർ സ്വദേശിയുമാണ്. കോൺഗ്രസ് കുടുംബമാണ് ജഡേജയുടേത്. അദ്ദേഹത്തിന്റെ സഹോദരി നൈന ജഡേജ ജാംനഗർ ജില്ലാ കോൺഗ്രസ് വനിതാ വിഭാഗം മേധാവിയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ബിപേന്ദ്രസിങ് ജഡേജയ്ക്കുവേണ്ടിയും നൈന പ്രചാരണം നടത്തിയിരുന്നു.
പ്രചാരണത്തിനിടെ രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്സിംഗ് ജഡേജ കോൺഗ്രസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഹരി സിംഗ് സോളങ്കിയുടെ മരുമകൾ കൂടിയാണ് റിവാബ. ജാംനഗർ (വടക്ക്) നിയമസഭാ മണ്ഡലം ജാംനഗർ ലോക്‌സഭാ മണ്ഡലത്തിൻറെ ഭാഗമാണ്. 2004ലും 2009ലും ജാംനഗർ പാർലമെൻറ് സീറ്റിൽ നിന്ന് കോൺഗ്രസ് വിജയിച്ചതൊഴികെ, 1989 മുതൽ സീറ്റ് നിലനിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ റിവാബയ്ക്കു വേണ്ടി വോട്ട് ചോദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരെയും നേരിൽകാണാനുമെത്തുകയും ചെയ്തിരുന്നു. ജാംനഗർ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഇരുവരെയും കണ്ടത്.
ഭാര്യയ്ക്ക് സീറ്റ് നൽകിയതിന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജഡേജ നന്ദി പറഞ്ഞിരുന്നു. ''നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് ലഭിച്ച എന്റെ ഭാര്യയ്ക്ക് അഭിനന്ദനങ്ങൾ. നിന്റെ കഠിനാധ്വാനത്തിലും പരിശ്രമങ്ങളിലും ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും നേരുന്നു. സമൂഹത്തിന്റെ പുരോഗമനത്തിനായി തുടർന്നു പ്രവർത്തിക്കാനാകട്ടെ.''-ജഡേജ ട്വീറ്റ് ചെയ്തു. റിവാബയുടെ കഴിവിൽ വിശ്വസിച്ച് വിശുദ്ധമായൊരു ദൗത്യത്തിനായി അവൾക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും താരം കുറിച്ചിരുന്നു.
മെക്കാനിക്കൽ എൻജിനീയറാണ് റിവാബ. മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കിയുടെ ബന്ധു കൂടിയാണ്. 2016ലാണ് രവീന്ദ്ര ജഡേജയുമായുള്ള വിവാഹം. വർഷങ്ങളായി ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമാണ് റിവാബ. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയുമായിരുന്നു.
Ravindra Jadeja celebrates his wife's election victory by throwing money, Bjp, video goes viral