'ജവാന്മാർക്ക് ചെരിപ്പഴിച്ച് ആദരം'; ബി.ജെ.പി എം.പിയോടും മേയറോടും തട്ടിക്കയറി റിവബ ജഡേജ
|സിറ്റിങ് എം.എൽ.എ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയായിരുന്നു അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന റിവബയെ 2022ൽ ജാംനഗറില്‍ മത്സരിപ്പിച്ചത്
അഹ്മദാബാദ്: വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളോട് തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് എം.എൽ.എയുമായ റിവബ. ലോക്സഭാ എം.പി പൂനാംബെൻ മാഡം, ജാംനഗർ നഗരസഭാ കൗൺസിലർ ബീന കോത്താരി എന്നിവരുമായാണ് ബി.ജെ.പി എം.എൽ.എയായ റിവബ കൊമ്പുകോർത്തത്.
സ്വാതന്ത്ര്യദിനത്തിൽ 'മേരി മിട്ടി, മേരാ ദേശ്' എന്ന പേരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമൊരുക്കി നടന്ന ചടങ്ങായിരുന്നു പ്രശ്നങ്ങൾക്കിടയാക്കിയത്. എം.പി ആദ്യം ചെരിപ്പഴിക്കാതെ ജവാന്മാർക്ക് ആദരമർപ്പിച്ചു. ഇതിനുശേഷം റിവബ ചെരിപ്പഴിച്ചും ആദരം നൽകി. ഇതു കണ്ട് എം.പി മാറിനിന്ന് റിവബയെ 'ഓവർ സ്മാർട്ട്' എന്ന് അധിക്ഷേപിച്ചെന്നാണ് ആക്ഷേപം.
ഇതുകേട്ട് പൂനാംബെന്നിന്റെ അടുത്തെത്തി രൂക്ഷമായ ഭാഷയിൽ ചൂടാകുകയായിരുന്നു റിവബ. എം.പിയെ പിന്തുണച്ചെന്ന് ആരോപിച്ച് മേയറോടും കയർത്തു. പ്രധാനമന്ത്രിയും രാഷ്ട്രപതി വരെ ഇത്തരം പരിപാടികളിൽ ചെരിപ്പഴിക്കാറില്ലെന്നും എന്നാൽ ചിലർ ഓവർ സ്മാർട്ട് ആകുകയാണെന്നും പൂനാംബെൻ ആക്ഷേപിക്കുന്നതു കേട്ടെന്ന് റിവബ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്ന് റിവബ വിജയിക്കുന്നത്. 2014 മുതൽ ജാംനഗർ ലോക്സഭാ അംഗമാണ് പൂനാംബെൻ മാഡം. 53,570 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു റിവബയുടെ ജയം. എ.എ.പിയുടെ കർഷൻബായ് കർമുറായിരുന്നു പ്രധാന എതിരാളി. മണ്ഡലത്തിൽ 2012ൽ കോൺഗ്രസും 2017ൽ ബി.ജെ.പിയുമാണ് ജയിച്ചത്. സിറ്റിങ് എം.എൽ.എ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയായിരുന്നു 2019ൽ ബി.ജെ.പിയിൽ ചേർന്ന റിവബയെ സ്ഥാനാർത്ഥിയാക്കിയത്.
32കാരിയായ റിവബ ജുനാഗഡ് സ്വദേശിയും രവീന്ദ്ര ജഡേജ ജാംനഗർ സ്വദേശിയുമാണ്. കോൺഗ്രസ് കുടുംബമാണ് ജഡേജയുടേത്. താരത്തിന്റെ സഹോദരി നൈന ജഡേജ ജാംനഗർ ജില്ലാ കോൺഗ്രസ് വനിതാ വിഭാഗം മേധാവിയാണ്.
Summary: Ravindra Jadeja's wife Rivaba loses cool, lashes out at BJP MP and Mayor from Jamnagar