India
വിരട്ടൽ വേണ്ട, ഞങ്ങൾ നിങ്ങളുടെ ബാപ്; കേന്ദ്രമന്ത്രിയോട് ശിവസേനാ എംപി
India

വിരട്ടൽ വേണ്ട, ഞങ്ങൾ നിങ്ങളുടെ 'ബാപ്'; കേന്ദ്രമന്ത്രിയോട് ശിവസേനാ എംപി

Web Desk
|
19 Feb 2022 12:56 PM GMT

തങ്ങളുടെ ജാതകം മന്ത്രിയുടെ കയ്യിലുണ്ടെങ്കിൽ അദ്ദേഹത്തിന്റേത് തങ്ങളുടെ കയ്യിലുമുണ്ടെന്നും റാവത്ത്

താക്കറെ കുടുംബത്തെയും മഹാരാഷ്ട്ര സർക്കാറിനെയും വിരട്ടേണ്ടെന്നും താങ്കൾ കേന്ദ്രമന്ത്രിയാണെങ്കിൽ ഇത് മഹാരാഷ്ട്രയാണെന്നും ഞങ്ങൾ താങ്കളുടെ 'ബാപ്'(അച്ഛൻ) ആണെന്നും നാരായൺ റാണെയെ ഓർമ്മിപ്പിച്ച് ശിവസേനാ എംപി സഞ്ജയ് റാവത്ത്. 'മാതോശ്രീ'യിലെ നാലുപേർക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് തയ്യാറാണെന്ന് വെള്ളിയാഴ്ച റാണെ പറഞ്ഞിരുന്നു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ബാന്ദ്രയിലെ സ്വകാര്യവസതിയായ 'മാതോശ്രി'യെ സൂചിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഭീഷണി. ഇതിനെ തുടർന്നാണ് ശിവസേനയെ ഭീഷണിപ്പെടുത്താൻ റാണെയായിട്ടില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്. തങ്ങളുടെ ജാതകം മന്ത്രിയുടെ കയ്യിലുണ്ടെങ്കിൽ അദ്ദേഹത്തിന്റേത് തങ്ങളുടെ കയ്യിലുമുണ്ടെന്നും റാവത്ത് പറഞ്ഞു.

നിലവിൽ മഹാരാഷ്ട്ര ഭരിക്കുന്ന മഹാവികാസ് അഘാഡിക്കും ശിവസേനക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ബിജെപി എംപി കിരിത് സോമയ്യക്കെതിരെയും റാവത്ത് പ്രതികരിച്ചു. 'അഴിമതിയുടെ തെളിവുകൾ താങ്കൾ കേന്ദ്ര ഏജൻസികൾക്ക് നൽകൂ, നിങ്ങളുടേത് ഞാനും നൽകാം. ഭീഷണിയൊന്നും വേണ്ട, ഞങ്ങൾ ഭയക്കില്ല' റാവത്ത് പറഞ്ഞു. ഇരുനേതാക്കളും മറ്റുപാർട്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സേനാ നേതാക്കളുടെ അഴിമതി തെളിവുകൾ ഏജൻസികൾക്ക് നൽകുമെന്ന് കിരിത് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് പോലും ഉപയോഗിച്ച് 300 കോടിയുടെ അഴിമതി കിരിത് നടത്തിയെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിലുണ്ടെന്നുമായിരുന്നു റാവത്തിന്റെ മറുപടി. പൊവായിലെ പേരു ബൗഗ് പുനരധിവാസ പദ്ധതിയുടെ പേരിൽ കിരിത് 300 കോടി തട്ടിയെന്ന് വ്യാഴാഴ്ചയും റാവത്ത് ഉന്നയിച്ചിരുന്നു. പാൽഗറിൽ 260 കോടിയുടെ ഒരു പദ്ധതി അദ്ദേഹത്തിന്റെ മകന്റെ പേരിൽ നടക്കുന്നുണ്ടെന്ന് റാവത്ത് ഇന്ന് വിമർശിച്ചു. കിരിതിന്റെ ഭാര്യ ഇതിന്റെ ഡയറക്ടറാണെന്നും ആരോപിച്ചു. എവിടെ നിന്നാണ് ഇതിനൊക്കെ പണം കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ കിരിത് സോമയ്യ എംപിയുടെ പാൽഗർ പ്രൊജക്ടിൽ ചോദ്യമുന്നയിച്ച് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.

ഭരണം ഉപയോഗിച്ച് കേന്ദ്രസർക്കാർ ശിവസേനാ നേതാക്കളെ ലക്ഷ്യമിടുന്നതായും റാവത്ത് കുറ്റപ്പെടുത്തി. കേന്ദ്രഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി കാണിച്ച് റാവത്ത് ഉപരാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. കിരിത് സോമയ്യ എംപി താക്കറെമാർ അലിബാഗിലടക്കം ബിനാമി നിർമിതികൾ നടത്തുന്നുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു.

നേരത്തെ ശിവസേനയിലും കോൺഗ്രസിലും പ്രവർത്തിച്ച നേതാവാണ് നാരായൺ റാണെ. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ശിവസേന മുന്നണി വിട്ടത്. പിന്നാലെ ശിവസേന, എൻസിപിയും കോൺഗ്രസുമായി സഖ്യം ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റിലാണ് വിജയിച്ചത്. ശിവസേനയ്ക്ക് 56ഉം എൻസിപിക്ക് 54ഉം കോൺഗ്രസിന് 44ഉം സീറ്റ് ലഭിച്ചിരുന്നു.

Shiv Sena MP Sanjay Rawat has reminded Narayan Rane not to intimidate the Thackeray family and the Maharashtra government and that if you are the Union Minister, this is Maharashtra and we are your 'bap' (father).

Similar Posts