ഡിജിറ്റൽ രൂപ ഇന്ന് പുറത്തിറക്കും
|രണ്ട് ഘട്ടമായി 13 നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്
ചില്ലറ ഇടപാടുകൾക്കുള്ള റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ ഇന്ന് പുറത്തിറക്കും. രണ്ട് ഘട്ടമായി 13 നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്കുള്ളിലാണ് ആദ്യ ഘട്ടത്തിൽ ഇടപാടുകൾ നടക്കുക.
ഡൽഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭിക്കുക. ഡിജിറ്റൽ ടോക്കൺ രൂപത്തിലായിരിക്കും രൂപ. നിലവിൽ ആർ.ബി.ഐ പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യത്തിലാകും ഡിജിറ്റൽ രൂപ ലഭിക്കുക. ഇത് വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി, ഫസ്റ്റ് ബാങ്ക് എന്നിവർക്കാണ് വിതരണ ചുമതല. ഈ ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ അവതരിപ്പിക്കും. ഇതുവഴി ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം.
വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ രൂപ ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. ഡിജിറ്റൽ രൂപ പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്.
കൊച്ചി ഉൾപ്പെടെ 9 നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്ക് ഹോൾസെയിൽ ഡിജിറ്റൽ രൂപ നേരത്തെ റിസർവ് ബാങ്ക് അവതരിപ്പിച്ചിരുന്നു.