'2000ന്റെ നോട്ട് മാറ്റാന്‍ പ്രത്യേക സൗകര്യമൊരുക്കണം'; ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്കി എസ്.ബി.ഐ
|20,000 രൂപ വരെ പ്രേത്യക ഫോം പൂരിപ്പിച്ച് നൽകാതെ തന്നെ മാറിയെടുക്കാം
ന്യൂഡല്‍ഹി: ബാങ്കുകളിൽ നിന്ന് 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നതിന് തിരിച്ചറിയൽ കാർഡ് നൽകേണ്ടതില്ല. 20,000 രൂപ വരെ പ്രേത്യക ഫോം പൂരിപ്പിച്ച് നൽകാതെ തന്നെ മാറിയെടുക്കാം. പൊതുജനങ്ങൾക്ക് നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക സൗകര്യമൊരുക്കാൻ ബ്രാഞ്ചുകൾക്ക് എസ്.ബി.ഐ നിർദേശം നൽകി.
ഒരു പ്രത്യേക ഫോം പൂരിപ്പിച്ച് നൽകിയായിരുന്നു നേരത്തേ പണം മാറ്റി വാങ്ങിയിരുന്നത്. കൂടാതെ ഇതിനൊപ്പം തിരിച്ചറിയൽ കാർഡിന്റെ പകർപ്പുണ്ടായിരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മാറ്റി നൽകിയിരിക്കുന്നത്. ഒരു ദിവസം പരമാവധി 20,000 രൂപയാണ് മാറാൻ സാധിക്കുന്നത്.
രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം റിസർവ് ബാങ്ക് നിർത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി.
നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം