2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടിയേക്കും
|ഇന്നായിരുന്നു 2000 നോട്ടുകള്‍ ബാങ്കുകളിൽ തിരികെനൽകാനുള്ള അവസാന തിയതി
ന്യൂഡല്‍ഹി: 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി റിസർവ് ബാങ്ക് നീട്ടിയേക്കും. ഒക്ടോബർ 30 വരെ സമയം നീട്ടിനൽകാനാണ് സാധ്യത. 2000 നോട്ടുകള്‍ ബാങ്കുകളിൽ തിരികെനൽകാനുള്ള അവസാന തിയതി ഇന്നായിരുന്നു.
കഴിഞ്ഞ മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിച്ചത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. തുടർന്ന് മെയ് 23 മുതൽ പൊതുജനങ്ങൾക്ക് ബാങ്കുകളിലെത്തി കറൻസി മാറ്റിവാങ്ങാനുള്ള സൗകര്യം ഒരുക്കി. പ്രചാരത്തിലുള്ള 2000 രൂപാ നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആർ.ബി.ഐ അറിയിച്ചിരുന്നു.
2000 രൂപാ നോട്ട് ബാങ്കുകളില്‍ തിരികെനല്‍കാനുള്ള സമയപരിധി ഇനിയും നീട്ടിയേക്കുമെന്നാണു സൂചന. ഒക്ടോബര്‍ അവസാനം വരെ സമയപരിധി നീട്ടുമെന്നാണ് വിവരം. പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ചാണ് സമയം നീട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. നോട്ടുനിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018ൽ 2000 രൂപാ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.
Summary: RBI may extend deadline to return Rs 2,000 notes till end of October