മണിപ്പൂരിലെ 11 പോളിങ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടെടുപ്പ്
|പോളിങ് ബൂത്തുകളിൽ വെടിവെയ്പ്പ്, ഭീഷണിപ്പെടുത്തൽ, ഇ.വി.എം നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു
ഇംഫാൽ: ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിങ് സ്റ്റേഷനുകളിൽ ഏപ്രിൽ 22ന് വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് മണിപ്പൂർ ചീഫ് ഇലക്ടറൽ ഓഫീസർ. ഈ കേന്ദ്രങ്ങളിൽ ഏപ്രിൽ 19ന് നടന്ന പോളിങ് അസാധുവാക്കാനും പുതിയ തീയതി പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചതിന് പിന്നാലെയാണ് തീരുമാനം.
ഈസ്റ്റ് ഇംഫാൽ ജില്ലയിലെ ഏഴും വെസ്റ്റ് ഇംഫാൽ ജില്ലയിലെ നാലും പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ്. മണിപ്പൂരിലെ ചില പോളിങ് ബൂത്തുകളിൽ വെടിവെയ്പ്പ്, ഭീഷണിപ്പെടുത്തൽ, ഇ.വി.എം നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബൂത്ത്പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നും ആരോപിച്ച് 47 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്നർ മണിപ്പൂർ, ഔട്ടർ മണിപ്പൂർ എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി 72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.