India
‘Ready To Discuss Manipur Issue’: Amit Shah Writes Letter To Leaders Of Opposition
India

'മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാർ'; പ്രതിപക്ഷ നേതാക്കൾക്ക് അമിത് ഷായുടെ കത്ത്

Web Desk
|
25 July 2023 2:24 PM GMT

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ തയ്യാറാവാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചു. മണിപ്പൂർ പ്രശ്‌നം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. ഇതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരിൽ നിന്നും സഹകരണം തേടുന്നു. ഈ സുപ്രധാന പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ കത്തിൽ പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ തയ്യാറാവാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയത്.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തിയിരുന്നു. വിഷയത്തിൽ ചർച്ച തുടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

മണിപ്പൂരിൽ മെയ് മൂന്ന് മുതൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 160 പേർ പേർ മരിച്ചതായാണ് വിവരം. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

Similar Posts