'ഒരു തമിഴ് പെൺകുട്ടിയെ കല്യാണം കഴിച്ചു തരാം'; രാഹുൽ ഗാന്ധിയോട് തൊഴിലാളികൾ
|അമ്പത്തിരണ്ടുകാരനായ രാഹുൽ ഗാന്ധി അവിവാഹിതനാണ്
കന്യാകുമാരി: സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ആളുകളുമായി സംവദിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുമ്പോട്ടു പോകുന്നത്. കർഷകർ, തൊഴിലുറപ്പു തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി രാഹുൽ സംസാരിക്കുന്ന ആളുകൾ നിരവധി. യാത്രയാരംഭിച്ച തമിഴ്‌നാട്ടിൽ രാഹുലിന് നേരിട്ട രസകരമായ അനുഭവം പങ്കുവയ്ക്കുകയാണിപ്പോൾ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്.
ശനിയാഴ്ച ഉച്ച തിരിഞ്ഞ് കന്യാകുമാരിയിലെ മാർത്താണ്ഡത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി സംസാരിക്കവെയാണ് സംഭവം. കോണ്‍ഗ്രസ് നേതാവുമായുള്ള സംസാരം മുമ്പോട്ടു പോകവെ, ഒരു വിവാഹാലോചനയാണ് തൊഴിലാളികൾ മുമ്പോട്ടു വച്ചത്. 'നിങ്ങൾക്ക് തമിഴ്‌നാടിനെ വലിയ ഇഷ്ടമാണെന്നറിയാം. ഒരു തമിഴ് പെൺകുട്ടിയെ വിവാഹം ചെയ്തു തരാം' എന്നായിരുന്നു അവരുടെ വാഗ്ദാനമെന്ന് ജയ്റാം രമേശ് ട്വീറ്റു ചെയ്തു. രാഹുലിന് ആ ചോദ്യം ഏറെ ഇഷ്ടമായെന്നും ഈ ഫോട്ടോ അതാണ് കാണിക്കുന്നതെന്നും സംഭവത്തിൽ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പത്തിരണ്ടുകാരനായ രാഹുൽ ഗാന്ധി അവിവാഹിതനാണ്.
അതിനിടെ, തമിഴ്‌നാട്ടിലെ പര്യടനം കഴിഞ്ഞ രാഹുൽ ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിലെത്തി. കെപിസിസി, എഐസിസി ഭാരവാഹികളും എംപിമാരും ചേർന്ന് രാഹുലിനെ സ്വീകരിച്ചു.
കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർവരെ ദേശീയപാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളിൽനിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം.
ഗോസിപ്പുകൾക്ക് പഞ്ഞമില്ല
വിവാഹ സംബന്ധമായ നിരവധി ചോദ്യങ്ങൾ നേരത്തെ രാഹുൽ ഗാന്ധി അഭിമുഖീകരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ അതില്ല. തൊണ്ണൂറുകളുടെ അവസാനം ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള രാഹുലിന്‍റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. രാഹുലിന്റെ ഗേൾഫ്രണ്ട് ആണെന്നായിരുന്നു വാർത്തകൾ. കൊളംബിയൻ സ്വദേശിനിയായ യുവാനിറ്റയാണ് ഇതെന്നായിരുന്നു മാധ്യമങ്ങളുടെ 'കണ്ടെത്തൽ'.
എന്നാൽ 2004ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യൻ എക്‌സ്പ്രസിലെ വൃന്ദ ഗോപിനാഥിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. 'എന്റെ ഗേൾഫ്രണ്ടിന്റെ പേര് വെറോണിക്ക എന്നാണ്, യുവാനിറ്റയല്ല. അവർ വെനിസ്വലക്കാരിയോ കൊളംബിയക്കാരിയോ അല്ല. സ്പാനിഷാണ്. ആർകിടെക്ടാണ് അവർ, ഹോട്ടൽ വെയ്ട്രസ് അല്ല. അങ്ങനെയാണ് എങ്കിൽ തന്നെ എനിക്ക് പ്രശ്‌നമില്ല. അവരെന്റെ അടുത്ത സുഹൃത്താണ്.' -എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റിയില്‍ വച്ചാണ് അവരുമായി പരിചയത്തിലായത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു ശേഷം ഒരിക്കൽ പോലും ഇവരെ കുറിച്ച് രാഹുൽ പരാമർശിച്ചിട്ടില്ല.