പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനും തയ്യാർ; അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്ന് ഉദ്ധവ് താക്കറെ
|മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽനിന്ന് മാത്രമാണ് താൻ പടിയിറങ്ങിയത്. നിലപാടുകളിൽനിന്ന് ഒരിക്കലും പിന്നോട്ട് പോവില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
മുംബൈ: തനിക്കെതിരെ വിമതപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്ക് എംഎൽഎമാരുടെ യോഗത്തിൽ വിശദീകരണവുമായി ഉദ്ധവ് താക്കറെ. കോവിഡ് മഹാമാരിക്കാലത്താണ് എംഎൽഎമാരെ നേരിട്ട് കാണാതിരുന്നത്, പിന്നീട് സർജറിക്ക് വിധേയനാകേണ്ടി വന്നു. ഇത് പ്രതിപക്ഷം ആയുധമാക്കിയെന്നും ഉദ്ധവ് പറഞ്ഞു.
പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്നും അദ്ദേഹം എംഎൽഎമാരെ അറിയിച്ചു. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ഉദ്ധവ് വ്യക്തമാക്കി.
വിമത നേതാവ് ഏക്‌നാഥ് ഷിൻഡെക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പിനോട് ചേർന്നുനിൽക്കുന്ന വകുപ്പാണ് ഷിൻഡേ കൈകാര്യം ചെയ്തത്. ഷിൻഡേയുടെ മകന് പാർലമെന്റ് അംഗത്വമുണ്ട്. പാർട്ടി ഷിൻഡേയെ പരിഗണിച്ചപോലെ ഒരു നേതാവിനെയും പരിഗണിച്ചിട്ടില്ല. എന്നിട്ടും ഷിൻഡേ വഞ്ചിച്ചെന്നും ഉദ്ധവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽനിന്ന് മാത്രമാണ് താൻ പടിയിറങ്ങിയത്. നിലപാടുകളിൽനിന്ന് ഒരിക്കലും പിന്നോട്ട് പോവില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
അതിനിടെ വിശ്വാസ വോട്ടെടുപ്പിന് മുംബൈയിലെത്താൻ വിമത എംഎൽഎമാരെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വെല്ലുവിളിച്ചു. വിശ്വാസവോട്ടെടുപ്പിൽ തങ്ങൾക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷണാണ് റാവത്ത് ഇത്തരമൊരു വെല്ലുവിളി നടത്തിയത് എന്നതും ശ്രദ്ധേയമാണ്.