India
mamata banarjee
India

സഖ്യത്തിന് തയാറെങ്കിൽ കോൺഗ്രസിന് പിന്തുണ നൽകാം: മമത ബാനർജി

Web Desk
|
16 May 2023 8:17 AM GMT

'കേന്ദ്ര സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്'

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരസ്പര ധാരണയോടെ പ്രവർത്തിക്കാൻ തയാറാണെങ്കിൽ കോൺഗ്രസിന് പിന്തുണ നൽകാൻ ഒരുക്കമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വമ്പൻ വിജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രഖ്യാപനം. കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

'പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ശക്തമായ പ്രദേശത്ത് കോൺഗ്രസ് അവരെ പിന്തുണയ്ക്കാൻ തയാറാകണം. ഞാൻ നിങ്ങൾക്ക് കർണാടകയിൽ പിന്തുണ നൽകി. എന്നാൽ ബംഗാളിൽ എനിക്കെതിരെ പോരടിക്കുന്നു. അതാവരുത് നയം. നല്ലത് തിരികെ കിട്ടണമെങ്കിൽ ചില മേഖലകളിൽ ത്യാഗം ചെയ്‌തേ മതിയാകൂ'- മമത പറഞ്ഞു.

സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾ ശക്തരെങ്കിൽ ബിജെപിയെ നേരിടാൻ അവർക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് മമത ചൂണ്ടിക്കാട്ടി. 'നമുക്ക് ബംഗാളിൽ ഒന്നിച്ചു പൊരുതാം. ഡൽഹിയിൽ എഎപി പോരടിക്കട്ടെ. ബിഹാറിൽ നിതീഷ്ജിയും തേജസ്വിയും കോൺഗ്രസുമുണ്ട്. അവർ തീരുമാനിക്കട്ടെ. അവരുടെ സമവാക്യം തീരുമാനിക്കാൻ ഞാനാളല്ല. പ്രാദേശിക പാർട്ടികൾ ശക്തരെങ്കിൽ- ബിഹാർ, ഒഡിഷ, ബംഗാൾ, തമിഴ്‌നാട്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് പോലെ- അവർക്കാണ് മുൻഗണന കൊടുക്കേണ്ടത്. ഞാൻ മജീഷ്യനോ ജ്യോതിഷിയോ അല്ല. ഭാവിയിൽ എന്തു നടക്കുമെന്ന് പ്രവചിക്കാനില്ല.' - അവർ കൂട്ടിച്ചേർത്തു.

'കോൺഗ്രസ് ഉത്തർപ്രദേശിൽ മത്സരിക്കാൻ പാടില്ല എന്നു ഞാൻ പറയുന്നില്ല. എന്നാൽ അഖിലേഷ് യാദവിന് മുൻഗണന കൊടുക്കണം. ഇക്കാര്യം വിശദമായി തന്നെ ചർച്ച ചെയ്യാം. കേന്ദ്രത്തിനെതിരെ ശക്തമായ ജനവികാരം ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരവും ശക്തമാണ്'- മമത ചൂണ്ടിക്കാട്ടി.




Similar Posts