India
Priyanka Gandhi speech Karnataka election rally
India

അഴിമതിയും കൊള്ളയും വിലവർധനയുമാണ് കർണാടകയിലെ യഥാർഥ 'ഭീകരത': പ്രിയങ്കാ ഗാന്ധി

Web Desk
|
7 May 2023 1:09 PM GMT

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം രാജ്യസുരക്ഷയെ കുറിച്ചും തീവ്രവാദത്തെ കുറിച്ചുമാണ് പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കൾ പറയുന്നത്. ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് അവർ മിണ്ടുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

മംഗളൂരു: അഴിമതിയും കൊള്ളയും വിലവർധനയും തൊഴിലില്ലായ്മയുമൊക്കെയാണ് കർണാടകയിൽ ഇപ്പോൾ നിലനിൽക്കുന്ന യഥാർഥ ഭീകരതയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അധികാരത്തിലിരുന്നപ്പോൾ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾ രാജ്യസുരക്ഷയെക്കുറിച്ചും തീവ്രവാദത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടാൻ അവർ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പി വെറുതെ വാഗ്ദാനങ്ങൾ നൽകുകയാണ്. ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും കഴിഞ്ഞ മൂന്ന് വർഷം സർക്കാർ എന്ത് ചെയ്‌തെന്ന് നോക്കിയാണ് അവർ വോട്ട് ചെയ്യുകയെന്നും ദക്ഷിണ കന്നഡയിലെ പൊതുസമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.

എപ്പോഴും ദേശീയ സുരക്ഷയും തീവ്രവാദവും മാത്രമാണ് അവർ പറയുന്നത്. കർണാടകയിലെ ബി.ജെ.പി ഭരണത്തിൽ ആയിരക്കണക്കിന് കർഷകർ ജീവനൊടുക്കി, ആയിരക്കണക്കിന് യുവാക്കൾ തൊഴിലില്ലായ്മ മൂലം ജീവിതമവസാനിപ്പിച്ചു. ആറ് ലക്ഷം കോടി രൂപയാണ് ബി.ജെ.പി സർക്കാർ കൊള്ളയടിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തകർന്നുവെന്നും ആയിരക്കണക്കിന് യുവാക്കൾ തൊഴിൽരഹിതരായെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പൊതുമേഖലാ ബാങ്കുകളായ സിൻഡിക്കേറ്റ് ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, കനറാ ബാങ്ക് എന്നിവയെ തമ്മിൽ ലയിപ്പിച്ച് ബാങ്ക് ദേശസാത്കരണം എന്ന ആശയത്തെ തന്നെ ബി.ജെ.പി ഇല്ലാതാക്കി. ന്യൂമംഗളൂർ തുറമുഖം അടക്കം രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ സുഹൃത്തുക്കളായ കോർപ്പറേറ്റുകൾക്ക് വിറ്റു. രാജ്യത്തെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങളാണ് ഇതിലൂടെ നഷ്ടമായതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.


Similar Posts