India
ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ വിമതപ്പട; അനുനയിപ്പിക്കാൻ പ്രത്യേക കമ്മിറ്റി
India

ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ വിമതപ്പട; അനുനയിപ്പിക്കാൻ പ്രത്യേക കമ്മിറ്റി

Web Desk
|
15 Nov 2022 10:57 AM GMT

ആറുവട്ടം എംഎൽഎയായ മധുഭായ് ശ്രീവാസ്തവ് താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

അഹമ്മദാബാദ്: ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിമതപ്പട. 182ൽ 160 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കെയാണ് പലരും വിമത ശബ്ദം ഉയർത്തിയത്. നിലവിലുണ്ടായിരുന്ന 38 എംഎൽഎമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവരടക്കമുള്ളവരെ അനുനയിപ്പിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ് ബിജെപി.

സ്ഥാനാർഥിത്വം ലഭിക്കാത്തവർ പ്രതിഷേധം ഉയർത്തുമ്പോൾ സ്‌നേഹത്തോടും അനുകമ്പയോടും ഇടപെടണമെന്നാണ് മുതിർന്ന നേതാവ് അമിത് ഷാ നിർദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ചില സ്ഥാനാർഥിത്വത്തെ ചൂണ്ടിക്കാട്ടി ഗാന്ധി നഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ കഴിഞ്ഞ ദിവസം നിരവധി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

27 വർഷമായി സംസ്ഥാനത്ത് തുടർഭരണം നടത്തുന്ന ബിജെപി സംസ്ഥാനത്ത് മോർബി തൂക്കുപാലം തകർച്ചയടക്കം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിക്കകത്ത് വിമതരില്ലാതിരിക്കുന്നത് അവർ അനിവാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഗ്‌വി നാലു വിമത നേതാക്കളോട് ചർച്ച നടത്തിയിരുന്നുവെങ്കിലും അവർ വഴങ്ങിയിരുന്നില്ല. നിലവിൽ ഗുജറാത്തിലുള്ള അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടത്തി അനുരഞ്ജന പദ്ധതികൾ ചർച്ച ചെയ്തിരുന്നു. ഞായറാഴ്ച മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തുന്നുമുണ്ട്.

ആറുവട്ടം എംഎൽഎയായ മധുഭായ് ശ്രീവാസ്തവ് താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 20ലേറെ വർഷങ്ങൾക്ക് മുമ്പ് അമിത്ഷായുടെയും മോദിയുടെയും പ്രേരണയാൽ ബിജെപിയിൽ ചേർന്നയാളാണെന്നും പറഞ്ഞു.

നവംബർ 12ന് തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും ബിജെപിക്ക് വിമത ശല്യം നേരിടേണ്ടി വന്നിരുന്നു. 68സീറ്റിൽ 21 വിമതരാണ് പാർട്ടിക്കെതിരെയുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ഫോണിലൂടെ സംസാരിച്ചിട്ടും ഒരു വിമതൻ പിന്മാറിയിരുന്നില്ല. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുമ്പേ വിമത ശല്യം പരിഹരിക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യം വോട്ടുവിഹിതവും സീറ്റുകളും വർധിപ്പിച്ച കോൺഗ്രസും വമ്പൻ കാമ്പയിനുമായി ആംആദ്മി പാർട്ടിയും സജീവമാണ്. ബിജെപിക്കും കോൺഗ്രസിനുമിടയിൽ സൗഹൃദമത്സരമാണ് നടക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. എന്നാൽ കഴിഞ്ഞ പ്രാവശ്യം എഎപി സംസ്ഥാന തെരഞ്ഞെടുപ്പ് വലിയ സ്വാധീനമുണ്ടാക്കിയിരുന്നില്ല. ഡിസംബർ എട്ടിനാണ് ഹിമാചലിലും ഗുജറാത്തിലും വോട്ടെണ്ണൽ നടക്കുക.

Rebels against BJP in Gujarat state elections.

Similar Posts