ഡൽഹിയിൽ ദുരിതം വിതച്ച് പ്രളയം; ചെങ്കോട്ട അടച്ചു
|യമുനയിൽ ജലനിരപ്പ് വീണ്ടുമുയരുകയാണ്
ന്യൂഡല്‍ഹി: ഡൽഹിയിൽ ദുരിതം വിതച്ച് പ്രളയം. യമുനയിൽ അപകടനില മറികടന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റി പാർപ്പിക്കുകയാണ്. റോഡ് മെട്രോ ഗതാഗതത്തെ വെള്ളപ്പൊക്കം ബാധിച്ചതോടെ ജാഗ്രതാ നടപടികളും സംസ്ഥാന സർക്കാർ ഊർജിതമാക്കി. വെള്ളമുയരുന്ന സാഹചര്യത്തിൽ ചെങ്കോട്ട അടയ്ക്കുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.
സർവകാല റെക്കോർഡ് ഭേദിച്ച് യമുനയിൽ ഉയർന്ന ജല നിരപ്പ് സൃഷ്ടിച്ച വെള്ളപ്പൊക്കത്തിൽ നിരവധി പേരുടെ വീടുകളും കന്നുകാലികളും കൃഷിയും നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സർക്കാർ ഒഴിപ്പിച്ച കാൽ ലക്ഷം പേരിൽ ചിലർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയെങ്കിലും ഭൂരിപക്ഷവും കഴിയുന്നത് റോഡരികിലെ ഇത്തരം ടെൻ്റുകളിൽ ആണ്. എൻഡിആർഎഫ് സംഘം എത്തിയിട്ടും വീട് വിട്ട് വരാൻ പലരും തയ്യാറായില്ല.
വെള്ളം പൊങ്ങിയതിന് പിന്നാലെ മൂന്ന് ജല ശുദ്ധീകരണ ശാലകൾ ആണ് ഡൽഹി സർക്കാർ അടച്ചത്. ഇതോടെ തലസ്ഥാനത്തെ 25 ശതമാനം ആളുകളും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച ഡൽഹി സർക്കാർ അവശ്യ സർവീസുകളിൽ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ഹരിയാനയിലെ ഹത്നികുണ്ഡ് തടയണയിലും ജലനിരപ്പ് ഉയരുകയാണെന്ന് ഡാം സൂപ്രണ്ട് എഞ്ചിനീയർ അറിയിച്ചു. ഡൽഹിയിലെ മെട്രോ സർവീസിനെയും ഭാഗികമായി വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട് .