കോവിഡ് വാക്‌സിന്റെ വിലകുറച്ചു; സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 225 രൂപ നിരക്കിൽ വാക്‌സിൻ നൽകും
|ബൂസ്റ്റർ ഡോസ് വിതരണത്തിന് വേണ്ടിയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിലകുറച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 225 രൂപ നിരക്കിൽ വാക്‌സിൻ നൽകും. കോവാക്‌സിനുണ്ടായിരുന്ന 1200 രൂപയിൽ നിന്ന് 225 രൂപയിലേക്കാണ് കുറച്ചിരിക്കുന്നത്. കോവിഷീൽഡ് 600 രൂപയിൽ നിന്ന് 225 ലേക്ക് കുറച്ചിട്ടുണ്ട്. കുറഞ്ഞ വില ഉടൻ പ്രാഭല്യത്തിൽ വരും. ബൂസ്റ്റർ ഡോസ് വിതരണത്തിന് വേണ്ടിയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പതിനെട്ട് വയസിന് മുകളിലുളളവർക്ക് കരുതൽ ഡോസ് നൽകുന്നതിൽ നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സീൻ തന്നെ കരുതൽ ഡോസായിയെടുക്കണം. കരുതൽ ഡോസ് എടുക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല.
പതിനെട്ട് മുതൽ അൻപത്തി ഒൻപത് വയസ് വരെയുള്ളവർക്ക് നാളെ മുതൽ കരുതൽ ഡോസ് നൽകാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മിസോറം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
രണ്ടാം ഡോസ് വാക്‌സീൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് വാക്‌സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ. അതേസമയം സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സീനേഷനും മുതിർന്ന പൗരൻമാർക്കും ആരോഗ്യപ്രവർത്തകർക്കും മുൻനിര കൊവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്റ്റർ ഡോസ് വാക്‌സീനേഷനും തുടരും.
സ്വകാര്യ മേഖലയ്ക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നത് ക്രൂരമെന്ന് കോൺഗ്രസ്. വാക്സിൻ സ്വകാര്യവൽകരണത്തിലൂടെ വ്യക്തമാകുന്നത് ബിജെപി സർക്കാരിൻ്റെ ജനദ്രോഹ നിലപാട് എന്നും കോൺഗ്രസ്.പണം കൊടുത്ത് വാക്സിൻ വാങ്ങുന്നത് ജനങ്ങളെ സാമ്പത്തികമായി വേർതിരിക്കുമെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു.
അതേസമയം ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.55 കോടി (1,85,55,07,496) പിന്നിട്ടു കഴിഞ്ഞു. 2,24,25,493 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.