India
Regulations not changed to help Adani: Sebi rejects Hindenburg report, latest news malayalam, big breaking, sebi, goutham adani,madhabi puri buch, അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയിട്ടില്ല: ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

മാധവി ബുച്ച്(ഇടത്ത്)

India

'അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയിട്ടില്ല': ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

Web Desk
|
11 Aug 2024 2:46 PM GMT

അന്വേഷണത്തിൽ വീഴ്ചയില്ലെന്നും 24 ആരോപണങ്ങളിൽ 23ഉം അന്വേഷിച്ചെന്നും സെബി പ്രസ്താവനയിൽ വ്യക്തമാക്കി

ന്യൂഡൽഹി: മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രം​ഗത്ത്. അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം തെറ്റാണെന്നും ചെയർപേഴ്സൺ മാധബി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെന്നും സെബി പ്രസ്താവനയിൽ പറഞ്ഞു. അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തതായും സെബി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉന്നയിച്ച 24 ആരോപണങ്ങളിൽ 23ഉം കൃത്യമായി അന്വേഷിച്ചെന്നും ശേഷിക്കുന്ന ഒന്നിലെ നടപടി ഉടൻ പൂർത്തിയാക്കുമെന്നും സെബി പ്രസ്താവനയിൽ പറഞ്ഞു. നിയന്ത്രണങ്ങളിലുള്ള മാറ്റങ്ങളിൽ കൂടിയാലോചനകൾ നടത്താറുണ്ടെന്ന് വ്യക്തമാക്കിയ സെബി ഹിൻഡൻബർഗ് ആരോപണങ്ങൾ പൂർണമായും തള്ളി. അദാനി ​ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ വിട്ടു വീഴ്ച്ചയില്ലെന്നും സെബി പറഞ്ഞു.

ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി അദാനിഗ്രൂപ്പ് രം​ഗത്തുവന്നതിന് പിന്നാലെയാണ് സെബിയുടെ പ്രസ്താവന. മാധബിക്കെതിരായ വെളിപ്പെടുത്തൽ ദുരുദ്ദേശത്തോടെയുള്ളതും അപകീർത്തികരവുമാണെന്നുമായിരുന്നു അദാനിഗ്രൂപ്പിന്റെ വാദം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന വ്യക്തികളുമായി അദാനിഗ്രൂപ്പിന് സാമ്പത്തിക ഇടപാടില്ലെന്ന് കമ്പനി വ്യക്തമാക്കി. പ്രസ്തുത ആരോപണങ്ങൾ സുപ്രിംകോടതി നേരത്തെ തള്ളിയതാണെന്നും അദാനി ​ഗ്രൂപ്പ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ സെബിക്കും അദാനി ​ഗ്രൂപ്പിനും പുറമേ ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി ആദ്യം രം​ഗത്തുവന്നത് മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചുമായിരുന്നു. തങ്ങളുടെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചിട്ടുണ്ടെന്ന് മാധബിയും ഭർത്താവ് ധവാൽ ബുച്ചും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനുള്ള പ്രതികാരമാണിത്. തങ്ങ​ളെ വ്യക്തിഹത്യ നടത്തുകയാണ് ഹിൻഡൻബെർഗ്. ആരോണപങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണ്. തങ്ങളുടെ സാമ്പത്തികം തുറന്നപുസ്തകമാണെന്നും പ്രസ്താവനയിൽ ഇവർ പറഞ്ഞു.

സെബി ചെയർപേഴ്‌സൻ മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും ഒരു കോടി ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.

മുമ്പുണ്ടായിരുന്ന ആരോപണങ്ങളിൽ അദാനിയെ രക്ഷിക്കാനാണ് സെബി മേധാവിയെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഹിൻഡൻബർഗിൻറെ പുതിയ റിപ്പോർട്ട് പുറത്തുവരുമെന്ന സൂചനങ്ങൾക്കിടെയാണ് പാർലമെൻറ് സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ചുമതല ഏറ്റയുടൻ സെബി മേധാവി ബുച്ചിനെ സന്ദർശിക്കാൻ അദാനി എത്തിയതിൽ അസ്വാഭാവികതയുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സെബി മേധാവി മാധബി പുരി ബുച്ച് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർ‍ട്ടിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും പി.ബി ആവശ്യപ്പെട്ടു.

നേരത്തെയും അദാനിക്കെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. നികുതിരഹിത വിദേശ രാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു അദാനിക്കെതിരായ ആദ്യ ഹിൻഡൻ ബെർഗ് റിപ്പോർട്ട്. എന്നാൽ, ഇതിൽ അദാനിയെ കുറ്റവിമുക്തമാക്കുക മാത്രമല്ല ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസും സെബി നൽകിയിരുന്നു.

Similar Posts