അദാനി ഗ്രൂപ്പ് ഓഹരികൾ എങ്ങോട്ട്? ആകാംക്ഷയില്‍ നിക്ഷേപകര്‍
|ഹിൻഡൻ ബെർഗ് റിപ്പോർട്ട് പുറത്ത് വന്നശേഷമുള്ള എല്ലാ വ്യാപാര ദിവസങ്ങളിലും അദാനി ഗ്രൂപ്പ് ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു
ഡല്‍ഹി: രണ്ട് ദിവസത്തെ അവധിക്ക് ശേഷം വിപണി വ്യാപാരം വീണ്ടും ആരംഭിക്കുമ്പോൾ അദാനി ഗ്രൂപ്പ് ഓഹരികൾ ഏത് ദിശയിലേക്ക് എന്ന ആകാംക്ഷയിലാണ് നിക്ഷേപകർ. ഹിൻഡൻ ബെർഗ് റിപ്പോർട്ട് പുറത്ത് വന്നശേഷമുള്ള എല്ലാ വ്യാപാര ദിവസങ്ങളിലും അദാനി ഗ്രൂപ്പ് ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. 10 ലക്ഷം കോടിയോളം രൂപയോളം മൂല്യനഷ്ടമാണ് അദാനി ഓഹരികൾക്ക് സംഭവിച്ചത്. ഓഹരി വിലകളിലെ ഇടിവിനെ തുടർന്ന് 20,000 കോടി രൂപയുടെ എഫ്.പി.ഒ ഗ്രൂപ്പിന് ഉപേക്ഷിക്കേണ്ടിവന്നു.
5000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ബോണ്ടുകളും ഉപേക്ഷിച്ചതായി റിപ്പോർട്ട്.കേന്ദ്രം സർക്കാർ കൂടി അന്വേഷണം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലും വിദേശത്തുമായി അദാനിയുടെ പല പദ്ധതികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
വിഷയം പാർലമെന്‍റില്‍ പ്രതിപക്ഷം ഇന്നും ഉന്നയിക്കും. വിഷയം പാർലമെന്‍റിന്‍റെ ഇരുസഭകളും നടപടികൾ നിർത്തി വെച്ചു ചർച്ച ചെയ്യണം, സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം എന്നിവയാണ് പ്രതിപക്ഷ ആവശ്യം. വിഷയത്തിൽ ഇന്നും എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ബിബിസി ഡോക്യുമെന്‍ററി വിവാദവും രാജ്യത്തെ തൊഴിലില്ലായ്മ വിലക്കയറ്റം എന്നിവയും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയചർച്ച,ബജറ്റിന്മേലുള്ള ചർച്ച എന്നിവ വൈകിപ്പിച്ചേക്കും.