India
കാറിനുള്ളിൽ നിന്ന് മരിച്ച സ്ത്രീയുടെ വിരലടയാളം വിൽപത്രത്തിൽ പതിപ്പിച്ച് ബന്ധുക്കള്‍; വീഡിയോ വൈറൽ
India

കാറിനുള്ളിൽ നിന്ന് മരിച്ച സ്ത്രീയുടെ വിരലടയാളം വിൽപത്രത്തിൽ പതിപ്പിച്ച് ബന്ധുക്കള്‍; വീഡിയോ വൈറൽ

Web Desk
|
12 April 2023 12:02 PM GMT

ഈ വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയുടെ വീടും കടയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ ബന്ധുക്കള്‍ കൈക്കലാക്കി

ന്യൂഡൽഹി: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി മരിച്ച സ്ത്രീയുടെ വിരലടയാളം വിൽപ്പത്രത്തിൽ പതിക്കുന്ന ബന്ധുക്കളുടെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കാർ നിർത്തി വിൽപത്രത്തിൽ വിരലടയാളം ശേഖരിക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, ഈ വീഡിയോ 2012 ലേതാണെന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മരിച്ച സ്ത്രീയുടെ മറ്റൊരു ബന്ധുവായ ജിതേന്ദ്ര ശർമ്മ പൊലീസിൽ പരാതിപ്പെടുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കമലാദേവിയെന്ന വയോധിക 2021 മെയ് 8 നാണ് മരിച്ചത്. അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ലെന്നും ജിതേന്ദ ശർമ നൽകിയ പരാതിയിൽ പറയുന്നു.

കമലാദേവിയെ ആഗ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് അവകാശപ്പെട്ടാണ് അവളുടെ ഭർതൃസഹോദരന്റെ മക്കൾ കാറിൽ കൊണ്ടുപോയത്. എന്നാൽ വഴിയരികിൽ കാർ നിർത്തി അഭിഭാഷകനെ വിളിച്ചു വരുത്തുകയും തള്ളവിരലടയാളം വ്യാജ വിൽപ്പത്രത്തിൽ പതിപ്പിക്കുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഈ വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ മരിച്ച സ്ത്രീയുടെ വീടും കടയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. അതേസമയം,കമലാദേവി സാധാരണ ഒപ്പാണ് ഇടാറുള്ളത്. ഒരിക്കലും വിരലടയാളം പതിപ്പിക്കാറില്ല. അതാണ് കുടുംബത്തിൽ സംശയമുണ്ടാക്കിയതെന്നും ജിതേന്ദ്ര ശർമ്മയുടെ പരാതിയിൽ പറയുന്നു. അതിനിടയിലാണ് 45 സെക്കന്റുള്ള വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. കാറിൻ പിൻസീറ്റിൽ കിടക്കുന്ന സ്ത്രീയുടെ വിരലടയാളം ഒരു അഭിഭാഷകൻ പതിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഗ്ര പൊലീസ് അറിയിച്ചു. അതേസമയം, ഈ വീഡിയോക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കടുത്ത വഞ്ചനും നീചവുമായ സംഭവമാണിതെന്ന് ആളുകൾ കുറ്റപ്പെടുത്തി.

Similar Posts