ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ബിജെപിയുടെ പ്രീണന രാഷ്ട്രീയം: അസദുദ്ദീൻ ഒവൈസി
|ഒരു പ്രത്യേക മതം ആചരിക്കുന്നവരോട് ബിജെപി പൂർണ്ണമായും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഒവൈസി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച 11 പേരെ വിട്ടയച്ചത് ഗുജറാത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ പ്രീണന രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് എ.ഐ.എം.ഐ.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിച്ചത് വളരെയധികം ദൗർഭാഗ്യകരമാണെന്നും ഒവൈസി വ്യക്തമാക്കി. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ബിൽക്കീസ് ബാനുവിനോട് തെറ്റ് വീണ്ടും ആവർത്തിച്ചു. ബിജെപിയിൽ സാമാന്യ ബുദ്ധിയുള്ളവർ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഈ വർഷം അവസാനത്തോടെയാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ശിക്ഷിക്കപ്പെട്ട തടവുകാർക്കുള്ള പ്രത്യേക മോചന നയം പ്രകാരം ബലാത്സംഗ കുറ്റവാളികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ജൂണിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് ബിൽക്കീസ് ബാനു ബലാംത്സംഗക്കേസിൽ പ്രതിഫലിച്ചതേയില്ല.
ഒരു പ്രത്യേക മതം ആചരിക്കുന്നവരോട് ബിജെപി പൂർണ്ണമായും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. അവർ നിയമവാഴ്ചയെ ഗൗനിക്കുന്നില്ലെന്നും വീണ്ടും കുറ്റകൃത്യം ചെയ്യുന്നതിൽ അവർക്ക് പശ്ചാത്താപമില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയ്ത്ര പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടർന്ന് ബൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.