യുപിയിൽ ആറിടത്ത് ബിജെപി; യോഗി ആദിത്യനാഥിന് ആശ്വാസം
|യോഗി ഉയർത്തിയ വർഗീയ മുദ്രാവാക്യം യുപിയിൽ മാത്രമല്ല, മഹാരാഷ്ട്രയിൽ വരെ ചർച്ചയായിരുന്നു
ലഖ്നൗ: ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ ഏഴും നേടി എൻഡിഎ. ആറിടത്ത് ബിജെപിയും ഒരു സീറ്റിൽ രാഷ്ട്രീയ ലോക് ദളും വിജയിച്ചു. രണ്ട് സീറ്റിൽ മാത്രമാണ് സമാജ്വാദി പാർട്ടിക്ക് ജയിക്കാനായത്.
ഈ വിജയം ബിജെപിക്ക് മാത്രമല്ല, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വലിയ ആശ്വാസം നൽകുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. 63ൽ 33 സീറ്റിൽ മാത്രമാണ് ജയിച്ചത്. 2019ൽ 62 സീറ്റുകൾ ബിജെപി നേടിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പഴി മുഴുവൻ യോഗിക്കായിരുന്നു. ഇതിന് പിന്നാലെ യുപി ബിജെപിയിൽ കനത്ത ഭിന്നതയാണെന്ന വാർത്തകളും പുറത്തുവരികയുണ്ടായി. അടുത്ത തെരഞ്ഞെടുപ്പിൽ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുമെന്ന സൂചനകൾ വരെ ഉയർന്നിരുന്നു. ഇതിനിടയിലാണ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മിന്നുംജയം നേടുന്നത്.
ഇത്തവണ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ രണ്ട് സീറ്റ് മാത്രമാണ് ബിജെപിയുടെ കൈവശമുണ്ടായിരുന്നത്. 2022ൽ സമാജ്വാദി പാർട്ടി അഞ്ചിടത്ത് ജയിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ വിജയിക്കാനാവാത്ത രണ്ട് സീറ്റുകളാണ് ഇത്തവണ ബിജെപി എസ്പിയിൽനിന്ന് സ്വന്തമാക്കിയത്. അതേസമയം, തങ്ങളുടെ വോട്ടർമാരെ ബൂത്തുകളിലേക്ക് വരാൻ അനുവദിച്ചില്ലെന്നും വോട്ടർമാരെ ഭയപ്പെടുത്തിയാണ് വിജയിച്ചതെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറയുന്നു.
ഈ ആരോപണങ്ങൾക്കപ്പുറം യോഗിയുടെ വിജയമായിട്ടാണ് തെരഞ്ഞെടുപ്പിനെ വിദഗ്ധർ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് യോഗി ഉയർത്തിയ ‘വിഭജിച്ചാൽ നാം അറുക്കപ്പെടും’ എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. യുപിയിൽ മാത്രമല്ല, മഹാരാഷ്ട്രയിൽ വരെ ഈ വർഗീയ മുദ്രാവാക്യം ബിജെപി ഉയർത്തുകയും വലിയ വിജയം നേടുകയും ചെയ്തു.
യുപിയിലെ കന്ദാർക്കിയിലെ ബിജെപി വിജയമാണ് ഇതിൽ എടുത്തുപറയേണ്ടത്. എസ്പിയുടെ മുഹമ്മദ് റിസ്വാനെതിരെ 85,000 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് രംവീർ സിങ് ജയിച്ചത്. 1993ലാണ് ഇവിടെ അവസാനമായി ബിജെപി ജയിച്ചത്. അതിനുശേഷം രണ്ട് തവണ ബിഎസ്പിയും മൂന്ന് തവണ എസ്പിയും വിജയിച്ചു. 1993ന് ശേഷം ആദ്യമായാണ് ഒരു ഹിന്ദു സ്ഥാനാർഥി ഇവിടെനിന്ന് വിജയിക്കുന്നത് എന്നായിരുന്നു വിജയശേഷം രംവീർ സിങ് പറഞ്ഞത്. മറ്റു തെരഞ്ഞെടുപ്പുകളിൽ മുസ്ലിംകളായിരുന്നു ഇവിടെനിന്ന് ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടേഹാരിയാണ് എസ്പിയിൽനിന്ന് ബിജെപി പിടിച്ചെടുത്ത മറ്റൊരു മണ്ഡലം.
തെരഞ്ഞെടുപ്പിനിടെ പൊലീസിെൻറ അതിക്രമത്തിെൻറ പേരിൽ വാർത്തകളിൽ നിറഞ്ഞനിന്ന മണ്ഡലമായിരുന്നു മീരാപുർ . ഇവിടെ ബിജെപിയുടെ സഖ്യകക്ഷിയായ ആർഎൽഡിയാണ് ജയിച്ചത്. മുസ്ലിം സ്ത്രീകൾ പോളിങ് ബൂത്തിലെത്തുന്നത് പൊലീസ് ഇൻസ്പെക്ടർ രാജീവ് ശർമ സർവീസ് റിവോൾവർ ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇയാൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ, പൊലീസിനെ കല്ലെറിഞ്ഞുവെന്ന് കാണിച്ച് നാല് വനിതകൾക്കും 24 പുരുഷൻമാർക്കും പേരറിയാത്ത 120 പേർക്കുമെതിരെ പൊലീസ് കേസെടുക്കുകയാണ് ഉണ്ടായത്. ഉദ്യോഗസ്ഥനെ എതിർത്ത സ്ത്രീകളിൽ ഒരാളായ തൗഹിദ ബീഗത്തെ അഖിലേഷ് യാദവ് ലഖ്നൗവിലേക്ക് വിളിച്ചുവരുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഫുൽപുർ, ഗാസിയാബാദ്, ഖൈർ, മജ്വാൻ എന്നിവയാണ് ബിജെപി വിജയിച്ച മറ്റു മണ്ഡലങ്ങൾ.
അതേസമയം, ഉത്തർ പ്രദേശിലെയും മഹാരാഷ്ട്രയിലെയും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ സംശയം പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി രംഗത്തുവന്നിട്ടുണ്ട്. വോട്ടിങ് മെഷീനിൽ സംശയപ്രകടിപ്പിച്ച എസ്പി നേതാവ് എസ്.ടി ഹസൻ, തെരഞ്ഞെടുപ്പ് സംവിധാനം തകരാറിലായെന്നും ആരോപിച്ചു. ‘നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം തകരാറിലായിട്ടുണ്ടെന്ന് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ പറയുന്നുണ്ട്. ഞങ്ങൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിശ്വസിക്കുന്നില്ല. വോട്ടുയന്ത്രവും ബാലറ്റ് പേപ്പറും വേണമെന്നും വിവിപാറ്റ് വോട്ടർമാരുടെ കൈവശം നൽകണമെന്നും പാർലമെൻറിൽ നിരന്തരം ഉന്നയിച്ചതാണെന്നും എസ്.ടി ഹസൻ കൂട്ടിച്ചേർത്തു.