India
മതാടിസ്ഥാനത്തിലുള്ള അസന്തുലിതാവസ്ഥ അവഗണിക്കാനാവില്ല, ജനസംഖ്യാ നിയന്ത്രണം അനിവാര്യം; മോഹൻ ഭാഗവത്
India

'മതാടിസ്ഥാനത്തിലുള്ള അസന്തുലിതാവസ്ഥ അവഗണിക്കാനാവില്ല, ജനസംഖ്യാ നിയന്ത്രണം അനിവാര്യം'; മോഹൻ ഭാഗവത്

Web Desk
|
5 Oct 2022 10:11 AM GMT

ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം ശിഥിലമാകുമെന്നും ആർഎസ്എസ് മേധാവി

നാഗ്പൂർ: : വർധിച്ചുവരുന്ന ജനസംഖ്യയിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യ വർധന പരിശോധിക്കാൻ സമഗ്രമായ നയം വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇത് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ വാർഷിക ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മതാടിസ്ഥാനത്തിൽ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം അവഗണിക്കാനാകില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്ര അതിർവരമ്പുകൾ മാറ്റുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം ശിഥിലമാകുമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.നിർബന്ധിത മതപരിവർത്തനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഭാഗവത് ആവശ്യപ്പെട്ടു.

'മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ മൂലം പുതിയ രാജ്യങ്ങൾ ഉയർന്നു വരുന്നതിന് കിഴക്കൻ തിമോർ, കൊസോവോ, ദക്ഷിണ സുഡാൻ എന്നിവയെ ഉദാഹരമായി ചൂണ്ടിക്കാട്ടി. ജനസംഖ്യ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിർത്തികൾ മാറ്റിവരക്കും. നിർബന്ധിത മതപരിവർത്തനവും നുഴഞ്ഞുകയറ്റവും ഇതിനുളള കാരണങ്ങളാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും സ്വയം തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തരാക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ജനസംഖ്യനിയന്ത്രണത്തെ കുറിച്ചുള്ള ഏത് നയത്തിലും സ്ത്രീകളുടെ ആരോഗ്യം മനസിലുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ജനസംഖ്യക്ക് വിഭവങ്ങൾ ആവശ്യമാണ്. വിഭവങ്ങളില്ലാതെ ജനസംഖ്യ വളർന്നാൽ അത് ബുദ്ധിമുട്ടായി മാറും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന ഒരു ചിന്ത കൂടിയുണ്ടെന്നും ഈ രണ്ട് വാദങ്ങളും പരിഗണിച്ചുള്ള ജനസംഖ്യ നയമാണ് നമുക്ക് വേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർ.എസ്.എസിന്റെ ദസറ റാലിയിൽ ഇത്തവണ മുഖ്യാതിഥിയായി എത്തിയത് പർവതാരോഹക സന്തോഷ് യാദവായിരുന്നു. ആദ്യമായാണ് ദസറ റാലിയിൽ മുഖ്യാതിഥിയായി ഒരു സ്ത്രീയെ ക്ഷണിക്കുന്നത്.

Similar Posts