രേഖ ശർമക്കെതിരായ പരാമർശം: മഹുവ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ വിവരങ്ങൾ നൽകാൻ എക്സിന് ഡൽഹി പൊലീസിന്റെ കത്ത്
|വിവരങ്ങൾ നൽകാൻ എക്സിന്റെ നിയമ വകുപ്പിനോടാണ് ആവശ്യപ്പെട്ടത്
ന്യൂഡെൽഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമക്കെതിരായ പരാമർശത്തിൽ മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റിന്റെ വിവരങ്ങൾ ആരാഞ്ഞ് ഡെൽഹി പൊലീസ്. മഹുവ തന്റെ അക്കൗണ്ടിൽ നിന്ന് നീക്കിയ പോസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് എക്സ് കമ്പനിക്ക് പൊലീസ് കത്തയിച്ചിട്ടുണ്ട്. കേസിൽ മഹുവ മൊയ്ത്രയ്ക്കെതിരെ എഫ.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി.
മഹുവ തന്റെ എക്സ് പോസ്റ്റിലൂടെ നടത്തിയ പരാമർശത്തിനെതിരെ രേഖ ശർമ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 79 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് എഫ്.ഐ.ആർ. സംഭവത്തിൽ
ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. മൊയ്ത്രക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന്് രേഖ ശർമ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കമ്മീഷൻ നടപടിയെ വെല്ലുവിളിച്ചും പരിഹസിച്ചും മഹുവ രംഗത്തെത്തിയിരുന്നു. അടിയന്തരമായി നടപടിയെടുക്കണമെന്ന് ഡൽഹി പൊലീസിനോട് മഹുവ എക്സിൽ കുറിച്ചു. മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ താൻ ബംഗാളിലെ നാദിയയിൽ ഉണ്ടെന്നും മഹുവ പോസ്റ്റിൽ പറഞ്ഞു.
'ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്ന' തിരക്കിലാണ് രേഖ ശർമയെന്നാണ് മഹുവ 'എക്സി'ൽ കമന്റിട്ടത്. ഹാഥ്റസ് ദുരന്തസ്ഥലം സന്ദർശിക്കാൻ പോയ രേഖ ശർമക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതിലാണ് മഹുവ വിവാദ പരാമർശം നടത്തിയത്. വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഈ പോസ്റ്റിൽ നടപടി ആവശ്യപ്പെട്ടാണ് രേഖ ശർമ ലോക്സഭാ സ്പീക്കർ ഓം ബിർലക്കും ഡൽഹി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്.