'15 സെക്കൻഡ് പൊലീസിനെ മാറ്റിയാൽ ഉവൈസിമാർ എവിടെയെന്നറിയാതാവും'; ഭീഷണിയുമായി ബിജെപി എം.പി; മറുപടിയുമായി ഉവൈസി
|'എവിടെ വരണമെന്ന് പറയൂ, ഞങ്ങൾ അവിടെ വരാം'- ഉവൈസി പറഞ്ഞു.
ഹൈദരാബാദ്: ഉവൈസി സഹോദരങ്ങൾക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്രയിലെ ബിജെപി എം.പി നവനീത് കൗർ റാണ. പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിയാൽ, ഉവൈസി സഹോദരന്മാർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോയി എന്നും അറിയാത്ത അവസ്ഥയുണ്ടാക്കും എന്നാണ് കൗറിന്റെ പരാമർശം.
'നിങ്ങൾ പൊലീസിനെ 15 സെക്കൻഡ് നീക്കിയാൽ, അവർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ഞങ്ങൾക്ക് 15 സെക്കൻഡ് മതി'- എന്നാണ് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കും അക്ബറുദ്ദീൻ ഉവൈസിക്കുമെതിരായ തുറന്ന ഭീഷണി.
ബിജെപി ഹൈദരാബാദ് സ്ഥാനാർഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്നീത് കൗറിന്റെ പ്രസ്താവന. പരാമർശത്തിൽ കൗറിന് മറുപടിയുമായി ഉവൈസി രംഗത്തെത്തി. തങ്ങൾ തയാറാണെന്നും ആരെങ്കിലും തുറന്ന വെല്ലുവിളി നടത്തുകയാണെങ്കിൽ അങ്ങനെയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ മോദിജിയോട് പറയുന്നു. കൗറിനൊരു 15 സെക്കൻഡ് കൊടുക്കൂ. അല്ലെങ്കിൽ ഒരു മണിക്കൂർ കൊടുക്കൂ. നിങ്ങളിൽ മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് ഞങ്ങളും കാണാൻ ആഗ്രഹിക്കുന്നു. ആരെയാണ് പേടിക്കുന്നത്? ഞങ്ങൾ തയാറാണ്. ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ. പ്രധാനമന്ത്രി നിങ്ങളുടേതാണ്, ആർഎസ്എസ് നിങ്ങളുടേതാണ്, ആരും നിങ്ങളെ തടയില്ല. എവിടെ വരണമെന്ന് പറയൂ, ഞങ്ങൾ അവിടെ വരാം'- ഉവൈസി വിശദമാക്കി.
ഇത്തവണ അമരാവതി മണ്ഡലത്തിൽ നിന്ന് താൻ ദയനീയമായി തോൽക്കുമെന്ന് മനസിലാക്കിയാണ് റാണ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താൻ പറഞ്ഞു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനോ പൊലീസോ ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
'15 സെക്കൻഡ് പൊലീസിനെ മാറ്റിനിർത്തിയാൽ നിങ്ങൾ എന്ത് ചെയ്യും? എന്താണ് പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇതുവരെ ഇതിനെതിരെ നടപടിയെടുക്കാത്തത്? എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്? തെരഞ്ഞെടുപ്പിൽ ഇത്തരം പ്രസ്താനകൾ അനുവദിനീയമാണോ? കമ്മീഷൻ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കർശന നടപടിയെടുക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തവണ 200-250 സീറ്റുകൾ കടക്കുന്നത് തന്നെ വലിയ പ്രയാസമാണെന്ന് ബിജെപി മനസിലാക്കിയിട്ടുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, രാജ്യത്ത് മോദി തരംഗമില്ലെന്ന് നവനീത് റാണയുടെ പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. മാധ്യമ പ്രവർത്തകരെയൊന്നും പ്രവേശിപ്പിക്കാതെ നടത്തിയ യോഗത്തിലായിരുന്നു ചലച്ചിത്രതാരം കൂടിയായ കൗറിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ വൈറലായതോടെ ബിജെപി പ്രതിരോധത്തിലാവുകയും പ്രതിപക്ഷ കക്ഷികൾ ഈ പ്രസ്താവന ആയുധമാക്കുകയും ചെയ്തു.