യുപിയിൽ പേരുമാറ്റം തുടരുന്നു: അലിഗഢ് ഇനി ഹരിഗഢ്, മെയിന്‍പുരിയുടെ പേര് മായന്‍ നഗര്‍
|അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തില്‍ ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്.
ഉത്തര്‍പ്രദേശില്‍ ജില്ലകളുടെ പേര് മാറ്റല്‍ തുടരുന്നു. അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കുന്നു. ഇതു സംബന്ധിച്ച പ്രമേയം മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പാസാക്കി. മെയിന്‍പുരിയാണ് പേര് മാറ്റുന്ന മറ്റൊരു ജില്ല. മായന്‍ നഗര്‍ എന്നാണ് പുതിയ പേര്. പ്രമേയം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പരിഗണനയ്ക്ക് വിട്ടു.
അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തില്‍ ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് സുപ്രധാന ജില്ലകളുടെ പേരുമാറ്റാനുള്ള നടപടികളിലേക്ക് യുപി സര്‍ക്കാര്‍ നീങ്ങുന്നതെന്നും ശ്രദ്ധേയമാണ്.
അലിഗഢ് ജില്ലാ പഞ്ചായത്ത് ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ആകെയുള്ള 72 അംഗങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത 50 പേരും പ്രമേയത്തെ അനുകൂലിച്ചു. അതേസമയം മെയിന്‍പുരി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ എസ്.പി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 11ന് എതിരെ 19 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
യുപിയിൽ യോഗി ആദിത്യസർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുസ്ലിം പേരുള്ള ജില്ലകളുടെയും നഗരങ്ങളുടെയുമൊക്കെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദ് പ്രയാഗ് രാജാക്കി മാറ്റിയിരുന്നു. ഫൈസാബാദ് നഗരത്തെ അയോധ്യയെന്നും മുഗൾസരായ് നഗരത്തെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയ നഗർ എന്നും ഫിറോസാബാദിനെ ചന്ദ്ര നഗർ എന്നും മാറ്റിയിരുന്നു.