![renukaswamy murder case actress pavitra gowda in custody renukaswamy murder case actress pavitra gowda in custody](https://www.mediaoneonline.com/h-upload/2024/06/11/1429057-case-2.webp)
കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപശ്രീനിവാസ്, നടി പവിത്ര ഗൗഡ
രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ഗൗഡ കസ്റ്റഡിയിൽ
![](/images/authorplaceholder.jpg?type=1&v=2)
കേസിൽ കന്നഡ സൂപ്പർതാരം ദർശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരു: ചിത്രദുർഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസിൽ നടി പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയിൽ. കേസിൽ കന്നഡ സൂപ്പർതാരം ദർശനെയും പത്ത് അനുയായികളെയും രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.
ശനിയാഴ്ച കാമാക്ഷി പാളയത്തിലെ അപ്പാർട്ട്‌മെന്‍റിന് സമീപത്തെ അഴുക്കുചാലിലാണ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ദർശനും പവിത്ര ഗൗഡയും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചെന്നും കൂടാതെ ഇയാൾ ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കീഴിൽ അനുചിതവും കമന്‍റുകൾ പോസ്റ്റ് ചെയ്തതായും പറയുന്നു. ഇതേതുടർന്നായിരുന്നു കൊലപാതകം. ദർശന്റെ അടുത്ത കൂട്ടാളിയായ വിനയിന്റെ രാജരാജേശ്വരി നഗറിലെ ഗാരേജിൽവെച്ച് രേണുകയെ അടിച്ചു കൊല്ലുകയായിരുന്നു.
രേണുകാ അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. രേണുകയെ ചിത്രദുർഗയിൽനിന്ന് സിറ്റിയിലെ ഒരിടത്തെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.