വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒറ്റബിൽ; മന്ത്രിസഭാ യോഗം ഇന്ന്
|ബിൽ ഈ മാസം 29 ന് പാർലമെന്‍റിൽ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് പിൻവലിച്ചുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകും. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബിൽ കൊണ്ടുവരുമെന്നാണ് സൂചന.
ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാകും കരട് ബില്ലിന് അംഗീകാരം നൽകുക. ബിൽ ഈ മാസം 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് പിൻവലിച്ചുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും. ഇതിന് ശേഷം ബിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം റദ്ദാകും.
കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗനിർദേശങ്ങൾ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ കേന്ദ്രം പരിഹാരം കാണാതെ സമര പരിപാടികളിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു.
Union Cabinet to approve farm laws repeal Today