പഴയ പൊളിറ്റിക്കല്‍ വാഹനങ്ങള്‍...ഓഹ്..സോറി; ബജറ്റിനിടെ ധനമന്ത്രിക്ക് നാക്കുപിഴ
|എന്‍.ഡി.എ അംഗങ്ങള്‍ക്കിടയില്‍ പോലും മന്ത്രിയുടെ നാക്കുപിഴ ചിരി പടര്‍ത്തി
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സംഭവിച്ച നാക്കുപിഴ സഭയില്‍ ചിരി പടര്‍ത്തി. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതു സംബന്ധിച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 'റീപ്ലേസിംഗ് ഓള്‍ഡ് പൊല്യൂട്ടഡ് വെഹിക്കിള്‍സ്' എന്നതിനു പകരം ' റീപ്ലേസിംഗ് ഓള്‍ഡ് പൊളിറ്റിക്കല്‍ വെഹിക്കിള്‍സ്' എന്നാണ് മന്ത്രി പറഞ്ഞത്. പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞു തിരുത്തുകയും ചെയ്തു.
എന്‍.ഡി.എ അംഗങ്ങള്‍ക്കിടയില്‍ പോലും മന്ത്രിയുടെ നാക്കുപിഴ ചിരി പടര്‍ത്തി. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് സൻസദ് ടിവി സംപ്രേഷണം ചെയ്തില്ല. 'എനിക്കറിയാം' എന്നു പറഞ്ഞു കൊണ്ട് ധനമന്ത്രി സ്വയം തിരുത്തുകയായിരുന്നു. പരിസ്ഥിതി സംരക്ഷണ നയത്തിന്റെ ഭാഗമായി പഴയ വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് ബജറ്റ് പ്രസംഗം തുടരുകയും ചെയ്തു.മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഹരിതവൽക്കരിക്കുന്നതിന്‍റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.
പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നല്‍കുമെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി വിപുലമാക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.ഇതിന്‍റെ ഭാഗമായി പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്നും ധനമന്ത്രി പറഞ്ഞു.