യോഗിക്ക് മറുപടി; വീണ്ടും ചൂലെടുത്ത് പ്രിയങ്ക ഗാന്ധി
|ദലിത് വീടുകൾ ചൂലുപയോഗിച്ച് വൃത്തിയാക്കിയാണ് പ്രിയങ്ക യോഗിക്കെതിരെ ആഞ്ഞടിച്ചത്
ഉത്തർപ്രദേശിലെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കിയ പ്രവൃത്തിയെ പരിഹസിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍ മുറ്റമടിച്ചായിരുന്നു പ്രിയങ്കയുടെ മറുപടി. ലഖ്നൗവിനടുത്തുള്ള ലവകുശ് നഗറിലുള്ള ദലിത് വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് പ്രിയങ്ക ചൂലെടുത്തത്. സ്ഥലത്തെ ദലിത് വീടുകളുടെ പരിസരങ്ങള്‍ അടിച്ചുവാരി വൃത്തിയാക്കി പ്രിയങ്ക.
ആത്മാഭിമാനത്തിന്റെയും ലാളിത്യത്തിന്റെയും അടയാളമാണിതെന്ന് പ്രിയങ്ക യോഗിയുടെ പരിഹാസത്തോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും കോടിക്കണക്കിനു സ്ത്രീകളാണ് ചൂലെടുത്ത് മുറ്റമടിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു. പ്രിയങ്ക മുറ്റമടിക്കുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
कांग्रेस महासचिव श्रीमती @priyankagandhi जी ने इंदिरा नगर की दलित बस्ती पहुंच कर झाड़ू लगाकर श्रमदान किया।
— Congress (@INCIndia) October 8, 2021
झाड़ू लगाना स्वाभिमान और सादगी का प्रतीक है। इस स्वाभिमान और सादगी का मजाक उड़ाने वाले अपनी दलित विरोधी सोच को उजागर करते हैं। pic.twitter.com/y5H4ku4c9P
ഉത്തർപ്രദേശിലെ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം പൊലീസ് ഗസ്റ്റ് ഹൗസ് പ്രിയങ്ക ചൂലുപയോഗിച്ച് വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രിയങ്ക വൃത്തിയാക്കുന്നത് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
അതേസമയം കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.