India
ഭീമ കൊറേഗാവ്: മനുഷ്യാവകാശ പ്രവർത്തകരെ കുടുക്കാൻ ലാപ്‌ടോപ് ഹാക്ക് ചെയ്തു- പൂനെ പൊലീസിനെതിരെ ഗുരുതര ആരോപണം
India

ഭീമ കൊറേഗാവ്: മനുഷ്യാവകാശ പ്രവർത്തകരെ കുടുക്കാൻ ലാപ്‌ടോപ് ഹാക്ക് ചെയ്തു- പൂനെ പൊലീസിനെതിരെ ഗുരുതര ആരോപണം

Web Desk
|
17 Jun 2022 9:44 AM GMT

"ഇത് നൈതികമായി സന്ധി ചെയ്യാനാകാത്തതാണ്. ക്രൂരതയ്ക്കും അപ്പുറമാണ്"

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരായ റോണ വിൽസൺ, വരവര റാവു, ഹാനി ബാബു എന്നിവരെ കുടുക്കാൻ ഡൽഹി പൊലീസ് ഹാക്കിങ് ഏജൻസികളെ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. പ്രതികളുടെ സ്വകാര്യ കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഏജൻസിയെ ഉപയോഗിച്ച് ഹാക്ക് ചെയ്ത് പൊലീസിന് ആവശ്യമായ വിവരങ്ങൾ കയറ്റിവച്ചു എന്നാണ് ആരോപണം. യുഎസ് ആസ്ഥാനമായ സൈബർ സുരക്ഷാ ഏജൻസി സെന്റിനർവൺ റിപ്പോർട്ടിനെ ഉദ്ധരിച്ച് വയേഡ് മാഗസിനാണ് ഇക്കാര്യങ്ങൾ റിപ്പോർട്ടു ചെയ്തത്. കേസിൽ ആദ്യമായാണ് ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമായി പുറത്തുവരുന്നത്.

ഭീമ കൊറേഗാവ് കേസിൽ വിൽസൺ, റാവു, ഹാനി ബാബു എന്നിവരടക്കം 16 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 84 വയസ്സുള്ള ജാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി കഴിഞ്ഞ വർഷം ജൂലൈയിൽ അന്തരിച്ചു. ലാപ്‌ടോപ്പിൽ കണ്ടെത്തിയ രേഖകൾ തെളിവാക്കിയാണ് മലയാളിയായ റോണ വിൽസണെയും മറ്റുള്ളവരെയും പൂനെ പൊലീസ് അറസ്റ്റു ചെയ്തതും കുറ്റം ചുമത്തിയതും.

കണ്ടെത്തിയത് സെന്റിനൽവൺ

യുഎസ് ആസ്ഥാനമായ സൈബർ സുരക്ഷാ ഏജൻസി സെന്റിനൽവൺ ആണ് പൂനെ പൊലീസും ഹാക്കിങ് ക്യാംപയിനും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്. മോഡിഫൈഡ് എലഫന്റ് എന്നു പേരിട്ട ഹാക്കിങ് ക്യാംപയിനാണ് പൂനെ സിറ്റി പൊലീസ് മനുഷ്യാവകാശ പ്രവർത്തകരെ കുടുക്കാനായി ഉപയോഗിച്ചത്. 'അറസ്റ്റിലായ വിൽസൺ, റാവു, ബാബു എന്നിവരും തെളിവുണ്ടാക്കിയവരും തമ്മിൽ തെളിയിക്കാൻ കഴിയുന്ന ബന്ധമുണ്ടെന്ന്' സെന്റിനൽവണിലെ സുരക്ഷാ ഗവേഷകൻ യുവാൻ ആൻഡ്രെ ഗുറേറോ സാദെ പറയുന്നു. കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ആഗസ്തിൽ നടക്കുന്ന ബ്ലാക് ഹാറ്റ് സുരക്ഷാ കോൺഫറൻസിൽ സെന്റിനൽവൺ അവതരിപ്പിക്കുന്നുണ്ട്. 'ഇത് നൈതികമായി സന്ധി ചെയ്യാനാകാത്തതാണ്. ക്രൂരതയ്ക്കും അപ്പുറമാണ്. ഇരകളെ സഹായിക്കാൻ വേണ്ട പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്' യുവാൻ കൂട്ടിച്ചേർത്തു.

റോണ വിൽസണും വരവര റാവുവുമായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇവരുടെ ലാപ്‌ടോപ് ഹാക്ക് ചെയ്ത് മാൽവയറുകൾ ഉപയോഗിച്ച് 'തെളിവുകൾ' പ്ലാന്റ് ചെയ്യുകയായിരുന്നു. ഇതിനായി കുറ്റാരോപിതരുടെ ഇ-മെയിൽ അക്കൗണ്ട് ഏജൻസി ഹാക്ക് ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസിൽ അടുത്തു പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥരിൽനിന്നാണ് ഇതിനായുള്ള വിവരങ്ങൾ കിട്ടിയതെന്ന് വയേഡ് പറയുന്നു. നുഴഞ്ഞുകയറ്റത്തിനായി ഉപയോഗിച്ച റിക്കവറി ഇ മെയിൽ ഐഡിയും റിക്കവറി ഫോൺ നമ്പറും ഇതേ പൊലീസ് ഉദ്യോഗസ്ഥന്റേതായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. ഇന്റർനെറ്റ് വാച്ച് ഡോഗായ സിറ്റിസൺ ലാബുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പർ സെന്റിനൽവൺ സ്ഥിരീകരിച്ചത്.

'കാളർ ഐഡി-ബ്ലോകിങ് ആപ്പായ ട്രൂ കോളറിന്റെയും ഇന്ത്യൻ തൊഴിൽ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ ഐഐഎംജോബ്‌സ് ഡോട് കോമിന്റെയും ലീക്ക്ഡ് ഡാറ്റ ബേസിൽ നിന്ന് സുരക്ഷാ ഗവേഷകനായ സീഷാൻ അസീസാണ് റിക്കവറി നമ്പറിന്റെയും ഇ-മെയിലിന്റെയും പൊലീസ് ബന്ധം കണ്ടെത്തിയത്..' - റിപ്പോർട്ടിൽ പറയുന്നു. വരവര റാവുവിനെ അറസ്റ്റു ചെയ്ത വേളയിൽ മാധ്യമങ്ങളോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടാണ് കണ്ടെത്തലുകൾ.

2012 മുതൽ പ്രവർത്തിക്കുന്ന ഹാക്കിങ് ക്യാംപയിനാണ് മോഡിഫൈഡ് എലഫന്റ്. ഇന്ത്യയിലെ നിരവധി മനുഷ്യാവകാശ പ്രവർത്തകരും അക്കാദമീഷ്യന്മാരും അഭിഭാഷകരും ഇവരുടെ നുഴഞ്ഞുകയറ്റത്തിന് വിധേയമായിട്ടുണ്ട്. നെറ്റ്‌വയർ, ഡാർക് കോമറ്റ് തുടങ്ങിയ മാൽവെയറുകൾ ഉപയോഗിച്ചാണ് നുഴഞ്ഞുകയറ്റം. നെറ്റ്‌വയർ ഉപയോഗിച്ച് റോണ വിൽസന്റെ കംപ്യൂട്ടർ ഹാർഡ് ഡ്രൈവിലെ ഫോൾഡറിൽ 36 ഫയലുകൾ അധികമുണ്ടാക്കി എന്നാണ് സെന്റിനൽവൺ പറയുന്നത്.

കണ്ടെത്തൽ നേരത്തെയും

കുറ്റാരോപിതർക്കെതിരെ അന്വേഷണ സംഘം അവകാശപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ലാപ്‌ടോപ്പുകളിൽ സൈബർ നുഴഞ്ഞുകയറ്റക്കാർ സ്ഥാപിച്ചതാണെന്ന് നേരത്തെ യുഎസ് ആസ്ഥാനമായ ആഴ്‌സണൽ കൺസൽട്ടിങും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട മലയാളി കൂടിയായ റോണ വിൽസൺ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ച് വിൽസന്റെ ആപ്പിൾ ഐ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ആഴ്‌സണൽ കൺസൽട്ടിങ് വെളിപ്പെടുത്തിയിരുന്നത്.

എന്താണ് കേസ്

മഹാരാഷ്ട്രയിലെ ദലിത് വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെട്ട ബ്രിട്ടീഷ് സേന, മറാഠ സൈനികർക്ക് മേധാവിത്വമുള്ള പേഷ്വ രാജാക്കൻമാരെ പരാജയപ്പെടുത്തിയതിന്റെ ഓർമയ്ക്ക് പുണെയിലെ ഭീമ-കൊറേഗാവിൽ വാർഷികാചരണം നടക്കാറുണ്ട്. ഇതിന്റെ ഇരുനൂറാം വാർഷികാചരണം 2018 ജനുവരി ഒന്നിന് നടക്കുന്ന വേളയിലുണ്ടായ സംഘർഷമാണ് ഇപ്പോഴത്തെ ഭീമ-കൊറേഗാവ് കേസിന് ആധാരം. അതിന്റെ തലേന്ന് സംഘടിപ്പിച്ച ദലിത് സംഗമപരിപാടിയായ എൽഗാർ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങൾ കലാപത്തിലേക്കു നയിച്ചതെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ ഹിന്ദുസംഘടനാ നേതാക്കളായ മിലിന്ദ് ഏക്ബൊഡെ, സംഭാജി ഭിഡെ തുടങ്ങിയവരാണ് കലാപത്തിനു പിന്നിലെന്നാണ് ആദ്യഘട്ടത്തിലുയർന്ന ആരോപണം. പിന്നീടാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് തെലുങ്കു കവി വരവര റാവു, ഡൽഹി സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസറായ മലയാളി ഹാനി ബാബു, വൈദികൻ സ്റ്റാൻ സ്വാമി, റോണ വിൽസൺ തുടങ്ങിയവർ അറസ്റ്റിലായത്.

മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി നേതാക്കളുമായി നടത്തിയ കത്തിടപാടുകൾ, ഇ-മെയിലുകൾ, യോഗങ്ങളുടെ മിനിറ്റ്‌സ്, കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്ത രേഖകൾ. ബിജെപി സർക്കാറിന്റെ കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയാണ് അന്വേഷിക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിള്ള മഹാവികാസ് അഖാഡി സഖ്യം അധികാരത്തിലെത്തിയ ഉടനെയാണ് കേസ് എൻഐഎയ്ക്കു കൈമാറിയത്.

Summary: There are links between a Pune police official and a international hacking campaign that targeted suspects in the Bhima Koregaon case, a report by news website Wired said on Thursday, citing information from an unnamed whistleblower from a company that provided email services to the targets.

Similar Posts