India
ജനങ്ങളുടെ ഭാരം കുറയ്ക്കണം; സംസ്ഥാനങ്ങളോട്  ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ട് മോദി
India

'ജനങ്ങളുടെ ഭാരം കുറയ്ക്കണം'; സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ട് മോദി

Web Desk
|
27 April 2022 9:55 AM GMT

  • 'കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ല'

ന്യൂഡൽഹി: റോക്കറ്റു പോലെ കുതിച്ചുയരുന്ന രാജ്യത്തെ ഇന്ധനവിലയിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഭാരം കുറയ്ക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ദേശതാത്പര്യം മുന്‍നിര്‍ത്തി അവർ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഞാൻ ആരെയും വിമർശിക്കുകയല്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനും അഭ്യർത്ഥിക്കുന്നു. ഇത് കോപറേറ്റീവ് ഫെഡറലിസത്തെ സഹായിക്കും. - മോദി പറഞ്ഞു.

'നികുതി കുറയ്ക്കാത്ത ഏഴു സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 11945 കോടി രൂപയാണ് അധികം സമ്പാദിച്ചത്. കർണാടക നികുതി കുറച്ചില്ലായിരുന്നെങ്കിൽ ആറു മാസത്തിനുള്ളിൽ അയ്യായിരം കോടിയുടെ അധിക വരുമാനം കണ്ടെത്തുമായിരുന്നു. ഗുജറാത്ത് 3500 മുതൽ നാലായിരം കോടി വരെ അധികവരുമാനം നേടുമായിരുന്നു.കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്.' - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, തുടർച്ചയായ 21-ാം ദിവസവും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

ഉയർന്ന വില കാരണം ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപനയിൽ 10 ശതമാനവും ഡീസൽ വിൽപനയിൽ 15.6 ശതമാനവും ഇടിവാണ് ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ പത്തിലേറെ രൂപയാണ് പെട്രോളിനും ഡീസലിനും കൂടിയത്.

Similar Posts