ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം; സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും
|തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗര്‍ മെഷീൻ കേടുവന്നതിനേ തുടർന്നാണ് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. ടണലിൽ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ദീപാവലി ദിനത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷാപ്രവർത്തനം ആരംഭിച്ച് പന്ത്രണ്ടാം ദിനം പുറത്തെടുക്കാമെന്നാണ് അധികൃതർ കണക്ക് കൂട്ടിയത്. സർവ സജ്ജീകരണങ്ങളും ഒരുക്കി നാട് കാത്തിരുന്നിട്ടും പ്രതീക്ഷിച്ച സമയത്തിനുള്ളിൽ ദൗത്യം ലക്ഷ്യം കണ്ടില്ല. ഒന്നിലേറെ തവണ യന്ത്രം തകരാറിലായതും വിലങ്ങ് തടിയായ ലോഹ പാളികൾ നീക്കം ചെയ്യാൻ സമയം കൂടുതൽ എടുത്തതുമാണ് രക്ഷാ പ്രവർത്തനം നീളാൻ വഴിവെച്ചത്. ഓഗർ മെഷീൻ്റെ ബ്ലേഡുകൾ പൊട്ടിയതോടെ ആണ് രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്. രാത്രി സമയം കൊണ്ട് ബ്ലേഡുകൾ ശരിയാക്കാൻ സാധിച്ചാൽ രാവിലെ മുതൽ രക്ഷാ ദൗത്യം പുനരാരംഭിക്കാൻ സാധിക്കും. തൊഴിലാളികൾക്ക് രക്ഷാ പാത ഒരുക്കാനുള്ള പൈപ്പ് സ്ഥാപിക്കാൻ ഏതാനും മീറ്റർ ദൂരം കൂടിയേ ബാക്കിയുള്ളൂ എന്ന് അന്താരാഷ്ട്ര തുരങ്ക വിദഗ്ദൻ അർനോൾഡ് ഡിക്സ് വ്യക്തമാക്കി.
തുരങ്കത്തിനുള്ളിലേക്ക് ഓക്സിജൻ നൽകുന്ന പൈപ്പിനും ഇന്നലെ നേരിയ തകരാറുകൾ കണ്ടെത്തിയിരുന്നു. യുദ്ധകാലടിസ്ഥാനത്തിൽ തകരാറ് പരിഹരിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയുന്നതിനാൽ ഇന്ന് തന്നെ രക്ഷാ പ്രവർത്തനം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.