തുരങ്കത്തിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; തൊഴിലാളികളെ രാത്രിയോടെ പുറത്തെത്തിക്കും
|പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തുരങ്ക മുഖത്ത് ഒരുക്കിയിരിക്കുന്നത്
ഉത്തരകാശി: ഉത്തരഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിൽ.ഓഗർ മെഷീൻ ഉപയോഗിച്ച് ഡ്രില്ലിങ് പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ അഞ്ചുമീറ്ററോളം ദൂരം മാത്രമാണ് ഉള്ളതെന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയോടെ ഇവരെ പുറത്ത് എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍ ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തുരങ്ക മുഖത്ത് ഒരുക്കിയിരിക്കുന്നത്.
അനശ്ചിതത്വത്തിന്റെ ഇരുന്നൂറിലേറെ മണിക്കൂറുകൾ പിന്നിട്ടാണ് 41 തൊഴിലാളികൾ ജീവിതത്തിലേക്ക് മടങ്ങുന്നത്. 11 ദിനരാത്രങ്ങൾ തൊഴിലാളികൾ ആത്മവിശ്വാസവും ധൈര്യവും കൈവിടാതെ രക്ഷാ പ്രവർത്തനത്തിന് പിന്തുണ നൽകി. പത്തോളം വിദഗ്ദ വിഭാഗങ്ങളും അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ദ്ധരും കൈകോർത്തതോടെയാണ് നീണ്ട 275 മണിക്കൂറുകൾ കൊണ്ട് തൊഴിലാളികളെ പുറത്ത് എത്തിക്കാൻ വഴി തുറന്നത്.
രക്ഷാ പ്രവർത്തനത്തിന്റെ പല ഘട്ടങ്ങളിലും നേരിടേണ്ടി വന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. പുറത്ത് എത്തുന്ന തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ നേരത്തെ സജ്ജമാക്കിയിരുന്നു. ചിന്യാലിസൗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആണ് തൊഴിലാളികൾക്ക് വേണ്ടി 41 ബെഡുകൾ അധികൃതർ ഒരുക്കിയത്. ഇവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാനുള്ള മുൻ കരുതലുകളും അധികൃതർ ഒരുക്കിയിരുന്നു.
സിൽക്യാര തുരങ്ക മുഖത്ത് നിന്നും സമാന്തര രക്ഷാ പാത ഒരുക്കാനുള്ള ശ്രമങ്ങൾ ഇന്നലെ അർദ്ധ രാത്രിക്ക് ശേഷമാണ് ലക്ഷ്യം കണ്ടത്. പൈപ്പുകൾ സ്ഥാപിച്ച് തൊഴിലാളികളെ പുറത്ത് എത്തിക്കാൻ സഹായവുമായി ഇന്നലെ രാത്രിയോടെ ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളും തുരങ്കത്തിൽ പ്രവേശിച്ചു. ഉത്തരകാശി ടണൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളിലും പരിശോധന നടത്താൻ ദേശീയ പാത വികസന അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.