India
Rescued Uttarkashi tunnel worker recounts experience Spent most time sleeping
India

'ഇത്ര ദിവസമെടുക്കുമെന്ന് വിചാരിച്ചില്ല, കൂടുതൽ സമയവും ഉറക്കവും സംസാരവുമായിരുന്നു'; തുരങ്കത്തിൽ നിന്ന് രക്ഷപെട്ട തൊഴിലാളി

Web Desk
|
1 Dec 2023 11:44 AM GMT

ആദ്യ 24 മണിക്കൂർ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നെന്നും അങ്ങേയറ്റം ഭയപ്പാടിലായിരുന്നെന്നും തൊഴിലാളി പറഞ്ഞു.

ഷിംല: ആശങ്കയുടെ 422 മണിക്കൂറുകൾക്ക് ശേഷം ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപെട്ട തൊഴിലാളികളെല്ലാവരും സുരക്ഷിതമായി വീട്ടിലെത്തി. മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് 41 തൊഴിലാളികളും വീടണഞ്ഞത്. വീട്ടിലെത്തിയ ഇവരെ കുടുംബാം​ഗങ്ങളും നാട്ടുകാരും ചേർന്ന് മധുരം നൽകിയും ഹാരമണിയിച്ചും സ്വീകരിച്ചു.

ആദ്യ 24 മണിക്കൂർ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നെന്നും അങ്ങേയറ്റം ഭയപ്പാടിലായിരുന്നെന്നും രക്ഷപെട്ട തൊഴിലാളികളിൽ ഒരാളായ ഹിമാചൽപ്രദേശ് സ്വദേശി വിശാൽകുമാർ പറഞ്ഞു. കുടുങ്ങിയ കാര്യം ആരുമറിയില്ലെന്ന് ഞങ്ങൾ ഭയന്നു. ഞങ്ങളെ സഹായിക്കാൻ ആരും വരില്ലെന്നും പേടിച്ചു. ഞങ്ങളുടെ മനസിലൂടെ പലതരം ചിന്തകൾ കടന്നുപോയി- വിശാൽ മനസ് തുറന്നു.

'കൂടുതൽ സമയവും ഉറങ്ങിയും പരസ്പരം സംസാരിച്ചുമാണ് തുരങ്കത്തിനുള്ളിൽ കഴിച്ചുകൂട്ടിയത്. ഇത്രയധികം സമയമെടുക്കുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല. അഞ്ചോ പത്തോ ദിവസങ്ങൾക്കുള്ളിൽ പുറത്തുവരാനാകുമെന്നാണ് കരുതിയിരുന്നത്'- വിശാൽ വിശദമാക്കി.

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായവും പിന്തുണയും നൽകിയ അധികാരികൾക്ക് വിശാൽ നന്ദി പറഞ്ഞു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ നിരന്തരം പരിശ്രമിക്കുകയും തങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നെന്നും വിശാൽ പറഞ്ഞു. ഞങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും നൽകി. ഓക്‌സിജൻ ലഭിക്കാൻ ഒരേയൊരു വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. പൈപ്പിലൂടെ ഭക്ഷണവും വെള്ളവും അയച്ചുകൊണ്ടിരുന്നെന്നും വിശാൽ കൂട്ടിച്ചേർത്തു.

നവംബർ 12നാണ് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് തൊഴിലാളികൾ കുടുങ്ങിയത്. 17 ദിവസമാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്നത്. അന്നു മുതൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പലപ്പോഴും‌ സാങ്കേതിക തകരാർ വെല്ലുവിളിയായി. ഒടുവിൽ, ചൊവ്വാഴ്ച രാത്രിയോടെ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു.

പൈപ്പിനുള്ളിലൂടെയാണ് എന്‍ഡിആര്‍എഫ് അംഗങ്ങള്‍ തുരങ്കത്തിലേക്ക് കടന്ന് തൊഴിലാളികളെ പുറത്തെത്തിച്ചത്. ഇവരെ ആദ്യം ചിന്യാലിസൗറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോ​ഗ്യനില നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പരിശോധനകൾക്കായി ഋഷികേശ് എയിംസിലേക്ക് മാറ്റി. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്നും വീട്ടിലേക്ക് പോകാമെന്നും വ്യാഴാഴ്ച രാത്രി എയിംസ് അധികൃതർ അറിയിക്കുകയായിരുന്നു.





Similar Posts