സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ജോഷിമഠുകാർ; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യം
|150ഓളം കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചുവെന്ന് സർക്കാർ പറയുമ്പോഴാണ് നിരവധിപ്പേർ സ്വന്തമായി വീടുകളിൽ നിന്ന് മാറേണ്ടിവരുന്നത്
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരിതബാധിത മേഖലകളിൽ സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ. വീടുകൾക്ക് വിള്ളലുകൾ ഉണ്ടായത് സർക്കാരിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സുരക്ഷിതമായ മറ്റൊരിടത്തേക്ക് താമസം മാറ്റണമെന്നും പ്രദേശവാസികൾ മീഡിയവണിനോട് പറഞ്ഞു.
150ഓളം കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചുവെന്ന് സർക്കാർ പറയുമ്പോഴാണ് നിരവധിപ്പേർ സ്വന്തമായി വീടുകളിൽ നിന്ന് മാറേണ്ടിവരുന്നത്. തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവർക്ക് എങ്ങോട്ട് പോകണമെന്ന് അറിയില്ല. ഭൂരിഭാഗം ആളുകൾക്കും ബന്ധുക്കളോ സഹായിക്കാൻ ആളുകളോ ഇല്ല. ഏക ആശ്രയം സർക്കാർ മാത്രമാണ്. ഗുരുതരമായ വിള്ളലുകൾ ഉണ്ടായ പ്രദേശത്ത് സഹായങ്ങളും മാറ്റിപ്പാർപ്പിക്കലും ഉണ്ടായില്ലെന്ന് പറയുന്നത്.
കഴിഞ്ഞ നാല് മാസമായി വീടുകൾക്കെല്ലാം വിള്ളലുകളുണ്ട്. ഉടൻ തന്നെ മുൻസിപ്പാലിറ്റിയിൽ വിവരം അറിയിച്ചു. കൂടാതെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് കത്തയച്ചവരും ഈ കൂട്ടത്തിലുണ്ട്. സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. ഒരുനേരത്തെ ആഹാരം പോലും കൈയിൽ ഇല്ലാതെ ദുരിതക്കയത്തിലാണ് ഇവരെല്ലാം.