'ഞങ്ങൾക്ക് കള്ള് തരൂവെന്ന് ആരും പറഞ്ഞിട്ടില്ല'; എക്‌സൈസ് റെഗുലേഷൻ കരടുബില്ലിനെതിരെ ലക്ഷദ്വീപ് നിവാസികൾ
|ലക്ഷദ്വീപിൽ നല്ലൊരു ആശുപത്രിയില്ലെന്നും ആരോഗ്യം നന്നാക്കാനാണ് ഭരണകൂടം പ്രാധാന്യം നൽകേണ്ടതെന്നും സാമൂഹ്യ പ്രവർത്തക ഡോ. സെറീന ജാസ്മിൻ
കൊച്ചി: ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കുന്ന എക്‌സൈസ് റെഗുലേഷൻ കരടുബില്ലിനെതിരെ ദ്വീപ് നിവാസികൾ. ജനങ്ങൾക്കായി അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കുന്നതിന് പകരം ജനങ്ങളെ ലഹരിക്കടിമകളാക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. പതിറ്റാണ്ടുകളായി മദ്യനിരോധനമുളള ലക്ഷദ്വീപിൽ ജനങ്ങൾ ആവശ്യപ്പെടാതെ എന്തിനാണ് തിടുക്കപ്പെട്ട് ഇത്തരമൊരു നീക്കമെന്നാണ് ദ്വീപുകാരുടെ ചോദ്യം. ലക്ഷദ്വീപിൽ നല്ലൊരു ആശുപത്രിയില്ലെന്നും ആരോഗ്യം നന്നാക്കാനാണ് ഭരണകൂടം പ്രാധാന്യം നൽകേണ്ടതെന്നും സാമൂഹ്യ പ്രവർത്തക ഡോ. സെറീന ജാസ്മിൻ പറഞ്ഞു. തങ്ങൾക്ക് കള്ള് തരൂവെന്ന് നാട്ടുകാരാരും ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്നെയെന്തിനാണ് ഈ നടപടിയെന്നും അവർ ചോദിച്ചു.
ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലുളളവരും കരട് ബില്ലിനെതിരെ രംഗത്തുവന്നു. ബില്ലിനെ ലക്ഷ്വദ്വീപ് ജനത ഒന്നിച്ചെതിർക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറായ പി പി അൽത്താഫ് പറഞ്ഞു.
മുപ്പത് ദിവസത്തിനകം കരട് ബില്ലിൽ അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം. വിനോദ സഞ്ചാര മേഖലയായതിനാൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.
Residents of Lakshadweep against Draft Excise Regulation Bill