India
Kailash Gahlot
India

എഎപിക്ക് പണി കിട്ടുമോ? രാജിവെച്ച കൈലാഷ് ഗഹ്‌ലോട്ട് ജനപ്രിയ പരിപാടികളുടെ സൂത്രധാരൻ

Web Desk
|
18 Nov 2024 5:43 AM GMT

തെരഞ്ഞടുപ്പിനൊരുങ്ങേണ്ട സമയത്തെ ഗഹ്‌ലോട്ടിന്റെ രാജി, ക്ഷേമപദ്ധതികളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള എഎപിയുടെ നീക്കങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ട സമയത്ത് മുതിർന്ന നേതാവും മന്ത്രിയുമൊക്കെയായ കൈലാഷ് ഗഹ്‌ലോട്ട് പാർട്ടി വിട്ടത് ആം ആദ്മി പാർട്ടിക്ക്(എഎപി) ക്ഷീണമാണെന്നാണ് വിലയിരുത്തൽ. ഭരണ രംഗത്തും അല്ലാതെയും എഎപിക്ക് മുതൽകൂട്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽക്ക് തന്നെ ഗഹ്‌ലോട്ടിന്റെ പരിഭവം എഎപിക്കുള്ളിൽ ചർച്ചയായിരുന്നു. എന്ന് ഇറങ്ങും എന്ന് മാത്രമെ അറിയാനുണ്ടായിരുന്നുള്ളൂവെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്. ഗതാഗതം, ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ഭരണപരിഷ്‌കാരങ്ങൾ, ഐടി തുടങ്ങി ജനങ്ങളുമായി ഏറെ അടുത്ത് കിടക്കുന്ന വകുപ്പുകളാണ് ഗഹ്‌ലോട്ട് കൈകാര്യം ചെയ്തിരുന്നത്.

തെരഞ്ഞടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഗഹ്‌ലോട്ടിന്റെ രാജി, ക്ഷേമപദ്ധതികളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള എഎപിയുടെ നീക്കങ്ങൾക്കും തിരിച്ചടിയാകും. ജാട്ട് സമുദായത്തിനിടയിൽ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ വിഭാഗത്തിലുള്ള വോട്ടർമാരെ ആകർഷിക്കാൻ ഗഹ്‌ലോട്ട് തന്നെ ധാരാളമായിരുന്നു.

കേന്ദ്രത്തിനെതിരായ എഎപിയുടെ നിരന്തര പോരാട്ടവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലെ ശ്രദ്ധക്കുറവുമാണ് പാര്‍ട്ടി വിടാനുള്ള കാരണങ്ങളായി ഗഹ്‌ലോട്ട് വ്യക്തമാക്കുന്നത്. രാഷ്ട്രീയ അജണ്ട, മദ്യനയക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങള്‍, മുഖ്യമന്ത്രിയുടെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട സാഹചര്യം എന്നിവയേയൊക്കെ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം പാർട്ടിയുടെ മുതിർന്ന നേതൃത്വത്തോട് അദ്ദേഹം കുറച്ചുകാലമായി രസത്തിലായിരുന്നില്ലെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. തന്നെക്കാള്‍ ജൂനിയറായ അതിഷിയെ മുഖ്യമന്ത്രിയാക്കിയതിലും പ്രധാനവകുപ്പുകള്‍ കൈമാറിയിയതിലും ഗഹ്‌ലോട്ടിന് പരിഭവമുണ്ട്. തന്നെ ഒതുക്കുകയാണോ എന്ന സംശയം അദ്ദേഹത്തിന്റെ അടുപ്പക്കാരോട് പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുമായുള്ള ഗഹ്‌ലോട്ടിന്റെ അടുപ്പവും പാര്‍ട്ടിക്ക് പിടിച്ചിട്ടില്ല. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പിന്റെ നിരവധി പരിപാടികളിൽ ലഫ്റ്റനന്റ് ഗവർണർ അതിഥിയായിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ തന്റെ അഭാവത്തില്‍ പതാക ഉയർത്താൻ അതിഷിയെയാണ് അരവിന്ദ് കെജ്‌രിവാൾ നിര്‍ദേശിച്ചത്. എന്നാല്‍ ലഫ്റ്റനന്റ് ഗവർണർ, ആ നിര്‍ദേശം നിരസിക്കുകയും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഗഹ്‌ലോട്ടിനെ ക്ഷണിക്കുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടിയുടെ മനസിലുണ്ട്.

അതിനാലൊക്കെ തന്നെ ബിജെപിയിലേക്ക് ആകും ഗെഹ്‌ലോട്ട് കൂടുമാറുക എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ മണ്ഡലമായ നജഫ്ഗഢിൽ നിന്നും ബിജെപി ടിക്കറ്റിൽ തന്നെയാകും 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ അദ്ദേഹം നേരിടുക. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം അദ്ദേഹം സ്വയം പുറത്തേക്കുള്ള വഴി തെരഞ്ഞെടുത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ പോന്നതാണ്. ഡൽഹിയിൽ നടത്തിയതും നടക്കാനിരിക്കുന്നതുമായ ജനപ്രിയ പദ്ധതികളുടെ സൂത്രധാരനായിരുന്നു ഗഹ്‌ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ടായേക്കാവുന്ന 'മഹിളാ സമ്മാന് രാശി' എന്ന പദ്ധതി നടപ്പിലാക്കാന്‍ ഓടി നടക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി പ്രകാരം 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ ലഭിക്കും. പദ്ധതി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ചയും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.

ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കിയ പിങ്ക് പാസ്, മുതിർന്ന പൗരന്മാരുടെ തീർത്ഥാടനം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി തീർത്ഥ യാത്ര യോജന, ഇലക്ട്രിക് വെഹിക്കിൾ പോളിസി, തുടങ്ങിയ 'ഹിറ്റ്' പദ്ധതികളുടെ ഒരറ്റത്ത് ഗഹ്‌ലോട്ടും ഉണ്ടായിരുന്നു. ഗതാഗത മന്ത്രിയെന്ന നിലയിൽ, ദേശീയ തലസ്ഥാനത്തെ ഇലക്ട്രിക് ബസ് വിപ്ലവത്തിനും ബസ് ഡിപ്പോകളുടെ വൈദ്യുതീകരണത്തിനും തുടക്കമിട്ടതിൻ്റെ ബഹുമതിയും ഗഹ്‌ലോട്ടിനാണ്.

ഡൽഹിയിൽ ജനിച്ചു വളർന്ന അപൂർവം എഎപി രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഗഹ്‌ലോട്ട്. മിത്രോൺ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നാണ് രാഷ്ട്രീയ നേതാവായി വളര്‍ന്ന് മന്ത്രിസ്ഥാനത്ത് വരെ എത്തിയത്. ഡൽഹി സർവകലാശാലയിൽ നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ൽ എഎപിയിൽ ചേർന്ന ഗഹ്‌ലോട്ട് പാർട്ടിയുടെ ജാട്ട് മുഖമായിരുന്നു. അതേവർഷം തന്നെ അദ്ദേഹത്തിന് നജഫ്ഗഡിൽ മത്സരിക്കാന്‍ അവസരം ലഭിച്ചു. 1,550 വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് വിജയിച്ചത്. 2020ലും മണ്ഡലം നിലനിര്‍ത്തിയ അദ്ദേഹം ലീഡ് ആറായിരത്തിലേക്ക് ഉയര്‍ത്തി.

Related Tags :
Similar Posts