ഒമ്പതുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് റിട്ട.സർക്കാർ സ്കൂൾ അധ്യാപകർക്ക് 20 വർഷം തടവ്
|രാജ് കുമാർ ശർമ്മ (72) ഉദയ്പാൽ ധിമാൻ (65) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഒമ്പതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് 20 വർഷത്തെ കഠിന തടവ്. 2022 മാർച്ചിൽ സർക്കാർ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനായ രാജ് കുമാർ ശർമ്മ (72) ഉദയ്പാൽ ധിമാൻ (65) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി രാജ് കുമാർ ശർമ്മ നടത്തുന്ന സ്കൂളിൽ പഠിച്ചിരുന്നു. ഉദയ്പാൽ അതേ സ്കൂളിലെ അധ്യാപകനായിരുന്നു. സർക്കാർ സ്കൂളിൽ നിന്ന് വിരമിച്ച രണ്ടുപേരും 2022 മാർച്ചിലാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം,പോക്സോ ആക്ട് എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മുസാഫർനഗറിലെ പോക്സോ കോടതിയാണ് വിരമിച്ച അധ്യാപകർക്ക് 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.പെൺകുട്ടിയുടെ മൊഴി കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവർക്കും 50,000 രൂപ വീതം പിഴയും ചുമത്തി. പ്രത്യേക അഡീഷണൽ സെഷൻസ് കോടതി (പോക്സോ ആക്ട്) ജഡ്ജി ബാബുറാമാണ് ശിക്ഷ വിധിച്ചത്.