India
Revanth Reddy and KT Rama Rao challenging each other over Rajiv Gandhi Statue Installation in front of Telengana Secretariate
India

ഭരണത്തിലെത്തിയാൽ രാജീവ് ​ഗാന്ധി പ്രതിമ നീക്കുമെന്ന് കെ.ടി.ആർ; തൊട്ടുനോക്കാൻ രേവന്ത് റെഡ്ഡിയുടെ വെല്ലുവിളി

Web Desk
|
20 Aug 2024 11:36 AM GMT

സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്ത് പകരം നിങ്ങളുടെ പിതാവിൻ്റെ പ്രതിമ സ്ഥാപിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും റെഡ്ഡി കെ.ടി.ആറിനോട് ചോദിച്ചു.

ഹൈദരാബാദ്: തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നിൽ രാജീവ് ​ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ്- ബി.ആർ.എസ് തർക്കം മൂർച്ഛിക്കുന്നു. രാജീവ് ​ഗാന്ധിയുടെ പ്രതിമ സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിക്കുമെന്നും ഉടൻതന്നെ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചപ്പോൾ തങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയാൽ അത് നീക്കം ചെയ്യുമെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി.ആറിന്റെ മറുപടി.

എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ച് രേവന്ത് റെഡ്ഡി രം​ഗത്തെത്തി. രാജീവ് ഗാന്ധിയുടെ പ്രതിമയിൽ തൊടാൻ കെ.ടി.ആറിനെ വെല്ലുവിളിച്ച രേവന്ത് റെഡ്ഡി, ഇത്തരം നിലപാട് തുടർന്നാൽ തെലങ്കാന ബി.ആർ.എസിനെ സാമൂഹികമായി ബഹിഷ്‌കരിക്കാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പും നൽകി.

സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്ത് പകരം നിങ്ങളുടെ പിതാവിൻ്റെ പ്രതിമ സ്ഥാപിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും റെഡ്ഡി കെ.ടി.ആറിനോട് ചോദിച്ചു. സംസ്ഥാനത്തെ കൊള്ളയടിച്ചവരുടെ പ്രതിമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ആർ.എസിന് അധികാരം നഷ്ടമായാലും അഹങ്കാരം പോയിട്ടില്ലെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു.

ബി.ആർ.എസ് ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തില്ലെന്നു പറഞ്ഞ രേവന്ത് റെഡ്ഡി, വരുന്ന 15-20 ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ രാജീവ് ​ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും വ്യക്തമാക്കി. തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് അടുത്തുള്ള സ്ഥലം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ മദ്യപാനികൾക്കും കള്ളന്മാർക്കും ഇടമില്ലെന്ന് കെ.സി.ആറിനെതിരായ വിമർശനത്തിനിടെ റെഡ്ഡി പറഞ്ഞു. പത്ത് വർഷമായി തെലങ്കാന തളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബി.ആർ.എസ് നേതാക്കൾ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി റെഡ്ഡി ചോദിച്ചു.

അതേസമയം, പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച കെ.ടി.ആറിനെതിരെ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും രംഗത്തെത്തി. കെ.ടി.ആർ ചരിത്രം മറക്കുകയാണെന്നും രാജീവ് ഗാന്ധിയുടെ മുൻകൈകൊണ്ടാണ് ഹൈദരാബാദ് ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ വൻ പുരോഗതി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ്, സെക്രട്ടറിയേറ്റിന് മുന്നിൽ രാജീവ് ​ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള കോൺ​ഗ്രസ് സർക്കാർ നീക്കത്തിനെതിരെ കെ.ടി.ആർ രം​ഗത്തെത്തിയത്. ബി.ആർ.എസ് അധികാരത്തിൽ എത്തിയാൽ രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യുകയും പകരം തെലങ്കാന തളി പ്രതിമ സ്ഥാപിക്കുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രേവന്ത് റെഡ്ഡിയെ 'ചീപ് മിനിസ്റ്റർ' എന്ന് വിളിച്ചും രാമറാവു പരിഹസിച്ചിരുന്നു.

Similar Posts