India
Telangana CM Revanth Reddy, Deputy CM Mallu Bhatti Vikaramarka
India

തെലങ്കാനയിൽ ഇനി കോൺഗ്രസ് സർക്കാർ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേവന്ത് റെഡ്ഡി

Web Desk
|
7 Dec 2023 9:40 AM GMT

ജനങ്ങളോട് അടുത്തു നിൽക്കുന്ന മുഖ്യമന്ത്രിയായിരിക്കുമെന്ന സന്ദേശം നൽകാനായി രേവന്ത് റെഡ്ഡി, മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി

ഹൈദരാബാദ്: രേവന്ത് റെഡ്ഡി തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായും മറ്റു 11 പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മല്ലികാർജുന്‍ ഗാർഗെ, സോണിയാ ഗാന്ധി തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും ഇന്‍ഡ്യ മുന്നണിയിലെ പാർട്ടി നേതാക്കളും പൊതുജനങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി.

തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആദ്യമായി അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സർക്കാരിലെ മുഖ്യമന്ത്രിയായി ഉച്ചക്ക് 1.15 ഓടെ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന ഗവർണർ തമഴിസൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ നിയസമഭാ കക്ഷി നേതാവ് ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ഉത്തം കുമാർ, ദുഡ്ഡില ശ്രീധർ ബാബു, ജുപ്പള്ളി കൃഷ്ണറാവു തുടങ്ങി 11 പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അനസൂയ സീതാക്ക, കൊണ്ട സുരേഖ എന്നിവരാണ് രേവന്ത മന്ത്രിസഭയിലെ വനിതാ പ്രതിനിധികള്‍. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃനിര പൂർണമായി ഹൈദരാബാദ് ലാല്‍ ബഹാദൂർ സ്റ്റേഡിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ഇന്‍ഡ്യാ മുന്നണിയിലെ പാർട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിവരുടെ നേതാക്കളും കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജനങ്ങളോട് അടുത്തു നില്‍ക്കുന്ന മുഖ്യമന്ത്രിയായിരിക്കുമെന്ന സന്ദേശം നല്‍കാനായി രേവന്ത് റെഡ്ഡി, മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകള്‍ നീക്കി.119ല്‍ 64 സീറ്റു നേടിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്.

Similar Posts