ലോക്സഭ തെരഞ്ഞെടുപ്പ്; സോണിയ ഗാന്ധി തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി
|ശരിയായ സമയത്ത് തീരുമാനം അറിയിക്കാമെന്ന് സോണിയ മറുപടി നൽകി
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ മത്സരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഖമ്മം സീറ്റിൽ മത്സരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടു. ശരിയായ സമയത്ത് തീരുമാനം അറിയിക്കാമെന്ന് സോണിയ മറുപടി നൽകി. നിലവിൽ റായ്ബറേലിയിൽ നിന്നുള്ള എം.പിയാണ് സോണിയ ഗാന്ധി.
തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിൽ സോണിയാ ഗാന്ധിയെ കണ്ട റെഡ്ഡി, തെലങ്കാന കോൺഗ്രസ് ഘടകം സോണിയയെ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തി.തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ 'അമ്മ'യായി ആളുകൾ അവരെ കാണുന്നതിനാലാണ് സംസ്ഥാനത്ത് നിന്ന് മത്സരിക്കാനുള്ള അഭ്യർത്ഥനയെന്ന് അദ്ദേഹം തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു.
ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് രേവന്ത് റെഡ്ഡി സോണിയയെ കണ്ടത്. തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും രേവന്ത് റെഡ്ഡി സോണിയയോട് വിശദീകരിച്ചു.ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പാവപ്പെട്ടവർക്കായി 10 ലക്ഷം രൂപയുടെ ആരോഗ്യ പദ്ധതി തുടങ്ങിയവയാണ് ഇതിനോടകം നടപ്പാക്കിയത്. 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും ഉടന്‍ നടപ്പാക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. 'ജാതി സെൻസസ്' നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സോണിയയോട് പറഞ്ഞു.
അതിനിടെ, റാഞ്ചിയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രേവന്ത് റെഡ്ഡി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്ന് സോണിയ ഗാന്ധി മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി രാഹുലിനോടും അഭ്യര്‍ഥിച്ചു.