കുഞ്ഞിനെ കൊന്നു, 250 നായക്കുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങന്മാരുടെ പ്രതികാരം; നാട്ടുകാർ ആശങ്കയിൽ
|നാട്ടുകാർ കുരങ്ങുകളെ പിടിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല
മൃഗങ്ങൾ പോലും പ്രതികാരം ചെയ്യുമെന്നത് തെളിയിക്കുന്നതാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്ന സംഭവം. ഏതാനും നായ്ക്കൾ ചേർന്ന് കഴിഞ്ഞ ദിവസം കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായി കുരങ്ങുകൾ ചേർന്ന് 250 നായക്കുട്ടികളെ എറിഞ്ഞുകൊന്നു.
നായക്കുട്ടികളെ കാണുമ്പോൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 250 നായക്കുട്ടികളെ ഇതുപോലെ കൊന്നതായി നാട്ടുകാർ പറയുന്നു.
മജൽഗാവിൽ നിന്ന പത്ത് കിലോമീറ്റർ ലവൂൽ എന്ന ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല. നാട്ടുകാർ കുരങ്ങുകളെ പിടിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങുകൾ നായക്കുട്ടികളെ മരത്തിന്റെയോ, കെട്ടിടത്തിന്റെയോ മുകളിൽ നിന്ന് എറിഞ്ഞുകൊല്ലാൻ തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു.
കുരങ്ങുകളെ പിടിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാൻ നാട്ടുകാർ തന്നെ രംഗത്തുവന്നിട്ടുണ്ട്. നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചിലയാളുകൾക്കും കെട്ടിടത്തിൽ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്.