പുതിയ നികുതി വ്യവസ്ഥ: സാധാരണക്കാരന് താങ്ങോ തിരിച്ചടിയോ? അറിയേണ്ടതെല്ലാം
|പുതിയ ടാക്‌സ് റെജിം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കാണ് ബജറ്റിലൂടെ തുടക്കമായിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്‌ധരടക്കം വിമർശിക്കുന്നത്
"എല്ലാവരും കാത്തിരുന്ന ആ പ്രഖ്യാപനത്തിലേക്ക് കടക്കുകയാണ്... വ്യക്തിഗത ആദായനികുതി! പ്രധാനമായും അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് ആദായനികുതിയുമായി ബന്ധപ്പെട്ട് നടത്താനുള്ളത്. കഠിനാധ്വാനം ചെയ്യുന്ന ഇടത്തരക്കാർക്കാണ് ഇതിന്റെ പ്രാഥമിക ഫലം ലഭിക്കുക"; ഇത്രയും പറഞ്ഞുകൊണ്ടാണ് കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായ ആദായനികുതി പരിഷ്കാരത്തിലേക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കടന്നത്. മന്ത്രി മുന്നോട്ടുവെച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ചെറുതല്ല.
കേന്ദ്ര ബജറ്റിലെ നികുതി ഇളവുകൾ സംബന്ധിച്ച് സാധാരണക്കാർ നിർബന്ധമായും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. നികുതിയിളവ് ലഭിക്കുന്ന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തിയതാണ് പ്രധാന പ്രഖ്യാപനം. നിറകയ്യടിയോടെ പാർലമെന്റ് സ്വീകരിച്ച ഈ പ്രഖ്യാപനം സാധാരണക്കാർക്ക് എത്രത്തോളം ഗുണംചെയ്യുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നത്.
മാറ്റങ്ങൾ ഇങ്ങനെ..
- മൂന്നുലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടതില്ല
- 3-6 ലക്ഷം വരെ: നികുതി അഞ്ച് ശതമാനം
- 6-9 ലക്ഷം വരെ: നികുതി പത്ത് ശതമാനം
- 9-12 ലക്ഷം രൂപ വരെ: 15 ശതമാനം നികുതി
- 12-15 ലക്ഷം വരെ: 20 ശതമാനം നികുതി
- 15 ലക്ഷത്തിന് മുകളിൽ: 30 ശതമാനം
അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നിലവിൽ നികുതി നൽകേണ്ടതില്ല. ആദ്യ രണ്ടര ലക്ഷം രൂപ വരെ നികുതിയില്ല, അതിന് മുകളിലോ അഞ്ച് ലക്ഷത്തിൽ താഴെയുമാണെങ്കിൽ റിബേറ്റും അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഏഴ് ലക്ഷമാക്കി മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ, ഏഴ് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല എന്നാണ് പ്രഖ്യാപനമെങ്കിലും ഇത് പുതിയ നികുതി ഘടനയിലേക്ക് മാറിയവർക്ക് മാത്രമാകും ബാധകമാവുക എന്നതും ശ്രദ്ധേയമാണ്. അതായത് പഴയ നികുതി ഘടനയിൽ തന്നെ തുടരുന്നവർക്ക് അഞ്ച് ലക്ഷം തന്നെയായിരിക്കും ബാധകമാവുക.
നിക്ഷേപ സാധ്യതകളെ തകർക്കുമോ?
തുടരെ പരാജയപ്പെട്ട പുതിയ ടാക്‌സ് റെജിം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കാണ് ബജറ്റിലൂടെ തുടക്കമായിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്‌ധരടക്കം വിമർശിക്കുന്നത്. ഇളവുകളില്ലാതെ ലഭിക്കുന്ന വരുമാനത്തിന് മുഴുവൻ നികുതി ചുമത്തുന്ന പുതിയ റെജിം കഴിഞ്ഞ വർഷമാണ് കേന്ദ്ര ധനവകുപ്പ് അവതരിപ്പിച്ചത്. വെറും പത്ത് ശതമാനം ആദായ നികുതിദായകർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതിയ റെജിമിനെ എതിർത്തിരുന്നു.
അതായത്, പഴയ ടാക്‌സ് റെജിമിനെ പാടെ അവഗണിച്ചുകൊണ്ടാണ് പുതിയ പരിഷ്‌കാരവുമായി കേന്ദ്രം എത്തിയിരിക്കുന്നത് എന്നർത്ഥം. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 'പുതിയ സ്‌കീം' എന്ന് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ ആശയക്കുഴപ്പങ്ങൾക്ക് തുടക്കമായത്.
പഴയ സ്‌കീമില്‍ ലൈഫ് ഇന്‍ഷുറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീസ് എന്നിവയ്ക്ക് ഇളവ് ലഭിച്ചിരുന്നു. ഇത് പുതിയ സ്‌കീമിൽ ഉണ്ടായിരിക്കില്ല എന്നതും തിരിച്ചടിയാണ്. പുതിയ സ്‌കീമിലേക്ക് മാറുക എന്നത് ഇതുവരെ സ്വന്തം ഇഷ്‌ടപ്രകാരം ചെയ്യാവുന്ന കാര്യമായിരുന്നു. എന്നാൽ, പഴയ സ്‌കീമിൽ തന്നെ തുടരേണ്ടവർക്ക് ഇനിമുതൽ പുതിയൊരു ഓപ്‌ഷൻ നൽകേണ്ടി വരും.
റിബേറ്റിലൂടെ ഏഴ് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് പുതിയ റെജിമില്‍ നികുതി ഒഴിവാക്കിക്കാടുക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പഴയ റെജിമിൽ ആണെങ്കിൽ നിക്ഷേപ, ചെലവ് ഇനങ്ങളിൽ ആറുലക്ഷം രൂപവരെ കിഴിവ് ലഭിക്കുമായിരുന്നു. ഈ കിഴിവ് പ്രോവിഡന്റ് ഫണ്ടിലും മ്യൂച്ചൽ ഇൻവെസ്റ്റ്‌മെന്റിലും മറ്റും നിക്ഷേപിച്ചാണ് സാധാരണക്കാർ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാൽ, പുതിയ റെജിമിലേക്ക് മാറുന്നതോടെ ഈ സ്ഥിതി പാടെ മാറും. നിക്ഷേപങ്ങളിൽ നല്ലൊരു ശതമാനം ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
സ്ലാബുകളിലെ മാറ്റം
പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതി സ്ലാബുകൾ അഞ്ചെണ്ണം മാത്രമാക്കി ചുരുക്കി. വരുമാന നികുതിക്ക് 2.5 ലക്ഷം രൂപ മുതൽ ഏർപ്പെടുത്തിയിരുന്ന സ്ലാബുകൾക്കാണ് മാറ്റം. ഇത്തരത്തിൽ ആറ് നികുതി സ്ലാബുകൾ മൂന്ന് ലക്ഷം രൂപ മുതൽ എന്ന കണക്കിൽ അഞ്ചെണ്ണമാക്കിയാണ് ചുരുക്കിയിരിക്കുന്നത്.
കൂടാതെ, ഒൻപതു ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് ഇനി 45,000 രൂപയാകും ആദായനികുതിയായി നൽകേണ്ടി വരിക. മുൻപ് 60000 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇതും പുതിയ റെജിമിൽ ഉൾപ്പെട്ടവർക്കായിരിക്കും ബാധകമാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ നികുതി ഘടനയിൽ തുടരുന്നവർക്ക് പഴയ സ്ലാബുകൾ തന്നെ തുടരും.
സമ്പന്നരെങ്കിൽ...
പുതിയ നികുതി വ്യവസ്ഥയിൽ ഏറ്റവും ഉയർന്ന നിരക്കിന്റെ സർചാർജ് ഇപ്പോൾ 37% ൽ നിന്ന് 25% ആയി കുറിച്ചിരിക്കുകയാണ്. രണ്ടുകോടിയിൽ കൂടുതൽ വരുമാനമുള്ളവർക്കാണ് ഈ നേട്ടം. ഒപ്പം 5 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരുടെ ഉയർന്ന നികുതി നിരക്ക് 39 ശതമാനമായി കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ ഇത് 42.74 ശതമാനമായിരുന്നു.
മുതിർന്ന പൗരന്മാർക്കും നേട്ടം
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, മന്ത്‌ലി ഇന്‍കം സ്‌കീം എന്നിവ മുതിർന്ന പൗരന്മാർ ഒരു സ്ഥിരാവരുമാനത്തിനായി ആശ്രയിക്കുന്ന പ്രധാന മാർഗങ്ങളായിരുന്നു. ഈ സ്‌കീമുകളുടെ കുറഞ്ഞ നിക്ഷേപ പരിധി ഒരു തിരിച്ചടിയായിരുന്നു. ഈ ബജറ്റിൽ ഇക്കാര്യത്തിന് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
സ്‌കീമുകളുടെ നിക്ഷേപപരിധി ഉയർത്തിയിരിക്കുകയാണ്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ഇതുവരെ 15 ലക്ഷം രൂപയേ നിക്ഷേപിക്കാൻ കഴിയുകയുണ്ടായിരുന്നുള്ളൂ. ഇത് 30 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ്. മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ നിക്ഷേപ പരിധി ഒൻപത് ലക്ഷമാക്കിയും ഉയർത്തി. നേരത്തെ ഇത് 4.5 ലക്ഷമായിരുന്നു.