കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ബലാത്സംഗകൊല; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ
|സംഭവത്തിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെയും സിബിഐ അറസ്റ്റ് ചെയ്തു
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് അറസ്റ്റ്.
ഘോഷിനെയും മൊണ്ടോളിനെയും ഞായറാഴ്ച സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) കോടതിയിൽ ഹാജരാക്കും. ആഗസ്റ്റ് 9 നാണ് ആശുപത്രിയിൽ ഒരു ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഘോഷിനെ ഇപ്പോൾ പ്രസിഡൻസി സെൻട്രൽ ജയിലിലെ ഏകാന്ത സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്.
ആർജി കർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്തംബർ രണ്ടിന് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ക്യാമ്പസിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതേസമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സന്ദർശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള നിലയ്ക്കാണ് മമത ബാനര്‍ജി ഡോക്ടര്‍മാരെ കണ്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലല്ല, ദീദി എന്ന നിലയിലാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും മമത പറഞ്ഞു.