സിദ്ദുവിനെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രിയുടെ വിരുന്ന്; പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
|മന്ത്രിസഭ അഴിച്ചുപണി ചർച്ചകൾ ആരംഭിക്കാനും മുഖ്യമന്ത്രി അമരീന്ദർ സിങ് പദ്ധതിയിടുന്നുണ്ട്.
പഞ്ചാബിൽ നവ്ജോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കിയതിൽ എതിർപ്പ് പരസ്യമാക്കി മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവിനെ ഒഴിവാക്കി നാളെ എം.എൽ.എ മാർക്കും മുതിർന്ന നേതാക്കൾക്കും വിരുന്ന് ഒരുക്കിയിരിക്കുകയാണ് അമരീന്ദർ സിങ്ങ്.
ഇതിനിടെ മന്ത്രിസഭ അഴിച്ചുപണി ചർച്ചകൾ ആരംഭിക്കാനും അമരീന്ദർ പദ്ധതിയിടുന്നുണ്ട്. അധ്യക്ഷനായി തെരഞ്ഞെടുത്ത സിദ്ദുവിനും നാലു വർക്കിങ് പ്രസിഡന്റുമാർക്കും ഇന്നലെ പഞ്ചാബി പി.സി.സി ആസ്ഥാനത്ത് സ്വീകരണം നൽകിയിരുന്നു. മുൻ അധ്യക്ഷൻ സുനിൽ ജാഖർ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തെങ്കിലും അമരീന്ദർ സിങ്ങ് വിട്ടു നിന്നു.
അമരീന്ദർ - സിദ്ധു കലഹം അവസാനിച്ചില്ലെങ്കിൽ അടുത്ത വർഷം നടക്കാൻ പോകുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനെയടക്കം ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്. ഈ സാഹചര്യത്തിൽ, വിഷയത്തിൽ മുതിർന്ന നേതാക്കളുടെ അടിയന്തര ഇടപെടലിനും സാധ്യതയുണ്ട്.