സംഘ് അനുകൂല പോർട്ടൽ 'ഓപ്ഇന്ത്യ'യ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്
|'ഓപ്ഇന്ത്യ' സി.ഇ.ഒ രാഹുൽ റൗഷൻ, പത്രാധിപർ നൂപുർ ശർമ എന്നിവർക്കെതിരെയാണ് നടപടി
ചെന്നൈ: സംഘ്പരിവാർ അനുകൂല പോർട്ടൽ 'ഓപ്ഇന്ത്യ'യ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുകയും ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. അവാടി പൊലീസിന്റേതാണ് നടപടി.
'ഓപ്ഇന്ത്യ' സി.ഇ.ഒ രാഹുൽ റൗഷൻ, പത്രാധിപർ നൂപുർ ശർമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡി.എം.കെ ഐ.ടി സെൽ ഭാരവാഹി സൂര്യപ്രകാശ് നൽകിയ പരാതിയിൽ തിങ്കളാഴ്ച രാത്രിയാണ് നടപടി. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പോർട്ടൽ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്കെതിരെ 'താലിബാൻ' മോഡൽ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് പോർട്ടൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 15 പേർക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായി, ഇരകളെ തലയറുത്തു കൊല്ലുന്നു തുടങ്ങിയ തരത്തിലാണ് വാർത്തകൾ തുടരുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യത്യസ്ത പ്രാദേശിക, ഭാഷാ, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ(153 -എ), വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ വേണ്ടി അഭ്യൂഹങ്ങൾ വാർത്തയാക്കൽ(505), പൊതുദ്രോഹകരമായ പരാമർശങ്ങൾ(505-ബി) തുടങ്ങിയ കുറ്റങ്ങളാണ് വെബ്‌സൈറ്റ് വൃത്തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഹിന്ദി പത്രം 'ദൈനിക് ഭാസ്‌കറി'ലെ മാധ്യമപ്രവർത്തകൻ തൻവീർ അഹമ്മദ്, ബി.ജെ.പി ബിഹാർ വക്താവ് പ്രശാന്ത് കുമാർ ഉംറാവോ എന്നിവർക്കെതിരെ നേരത്തെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു. വ്യാജവാർത്തകളിലും ഭീതിപ്രചാരണങ്ങളിലും തമിഴ്‌നാട് മുഖ്യന്ത്രി എം.കെ സ്റ്റാലിനും പ്രതികരിച്ചു. ബിഹാർ തൊഴിലാളികൾ തമിഴ്‌നാടിന്റെ തൊഴിലാളികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
Summary: The Avadi police in Tamil Nadu have registered a case against the CEO Rahul Roushan and Editor Nupur Sharma of the right wing portal, Oplndia.com, for allegedly publishing fake news and spreading fear among the migrant workers in the state