India
Dhruv Rathee
India

'ബേബി റാഠി'യുടെ വരവറിയിച്ച് ധ്രുവ്; പിന്നാലെ അപകീർത്തിയും അശ്‌ളീല കമന്റുകളുമായി വലതുപക്ഷ യൂ ട്യൂബേഴ്‌സ്‌

Web Desk
|
10 July 2024 1:08 PM GMT

ധ്രുവിന്റെ ഭാര്യ ജൂലി പാകിസ്താൻ സ്വദേശിയായ സുലേഖയാണെന്നുള്ള പ്രചാരണങ്ങൾ നേരത്തെയുണ്ടായിരുന്നു

കഴിഞ്ഞ ദിവസമാണ് ജീവിതത്തിൽ പുതിയ അതിഥിയെത്തുന്ന വിവരം യൂട്യൂബർ ധ്രുവ് റാഠി പുറത്തുവിട്ടത്. ഭാര്യ ജൂലി ലിബറിന്റെ നിറവയറോടെയുള്ള ചിത്രങ്ങളും ധ്രുവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'ബേബി റാഠി സെപ്റ്റംബറിൽ വരുന്നു' എന്ന അടിക്കുറിപ്പോടെയാണ്‌ ധ്രുവ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഗോദി ടീമിന്റെ പേടി കൂടുന്നു, മോദി ഡേഞ്ചർ സോണിൽ എന്നിങ്ങനെ നിരവധി കമന്റുകളും പിന്നാലെയെത്തി.

എന്നാൽ, ധ്രുവിന്റെയും ഭാര്യയുടെയും ഫോട്ടോ അപകീർത്തി പരത്താനാണ് സംഘ്പരിവാറിന്റെ ശ്രമം. വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബെഴ്‌സും അശ്‌ളീല കമന്റുകളുടെ മുൻനിരയിൽ തന്നെയുണ്ട്. ഇത്തരത്തിൽ പ്രചാരണം നടത്തുന്ന ചിലരുടെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ എക്‌സിൽ പങ്കുവെച്ചു.

'അഭിനന്ദിച്ചോളൂ, കുട്ടിയുടെ അച്ഛനാരാണെന്ന് പറയൂ' എന്നിങ്ങനെ തലക്കെട്ടുകൾ കൊടുത്താണ് ധ്രുവ് റാഠിയുടെയും ഭാര്യയുടെയും ഫോട്ടോ പ്രചരിപ്പിക്കുന്നത്. സ്മിതാ പ്രകാശും ആനന്ദ് രംഗനാഥനും ഇന്ത്യയിലെ മികച്ച 15 യൂട്യൂബ് ചാനലുകളിൽ ഉൾപ്പെടാത്തതിന്റെ സങ്കടത്തിലാണെന്നായിരുന്നു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സുബൈറിന്റെ പരിഹാസം.

കേന്ദ്ര സർക്കാരിന്റെ നിശിത വിമര്‍ശകനായ ധ്രുവിന്റെ ഭാര്യയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ വലതുപക്ഷ സൈബർ വിങ്ങുകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദറുദ്ദീന്‍ റഷീദ് ലഹോരി എന്നാണെന്നും ഭാര്യ ജൂലി പാകിസ്താൻ സ്വദേശിയായ സുലേഖയാണെന്നും നേരത്തെ പ്രചാരണങ്ങൾ കൊഴുത്തിരുന്നു. എന്തിനേറെ, ഇരുവരും പാകിസ്താൻ പട്ടാളത്തിന്റെ സംരക്ഷണത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലുള്ള ബംഗ്ലാവിലാണ് താമസമെന്നും വരെ പ്രചരിപ്പിച്ചിരുന്നു.

വ്യാജ പ്രചരണങ്ങള്‍ പൊളിച്ചുകൊണ്ട് ധ്രുവ് രംഗത്തെത്തുകയും ചെയ്തു. 23.2 മില്യൺ സബ്സ്ക്രൈബേഴ്‌സുള്ള ധ്രുവ് റാഠി എന്ന യൂ ട്യൂബ് ചാനൽ സംഘ്പരിവാറിന്റെയും കേന്ദ്രത്തിന്റെയും പേടി സ്വപ്‌നം തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത തിരിച്ചടിക്ക് കാരണമായി ധ്രുവിന്റെ ഒറ്റയാൾ പോരാട്ടവും അടയാളപ്പെടുത്തുന്നു. ധ്രുവിനെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഗോദി മീഡിയക്കുള്ള മറുപടി എന്ന പേരിൽ അദ്ദേഹം രണ്ടുദിവസം മുൻപ് യൂട്യൂബിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

ഹരിയാന സ്വദേശിയായ ധ്രുവ് നിലവില്‍ ജര്‍മനിയിലാണ് താമസിക്കുന്നത്. പഠനകാലയളവിൽ കണ്ടുമുട്ടിയ ജൂലി ലിബറാണ് ഭാര്യ. 2021ൽ ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂലി ഒരു വ്ലോഗറും യൂ ട്യൂബറും ഹെൽത്ത് കെയർ പ്രൊഫഷണലുമാണ്. 457,000 ഫോളോവേഴ്‌സുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ട് ജൂലിക്ക്. ധ്രുവിനോടൊപ്പമുള്ള ഫോട്ടോകൾ ഇടക്ക് ഇവർ പോസ്റ്റ് ചെയ്യാറുമുണ്ട്. അതിന് താഴെയും അപകീർത്തി കമന്റുകൾ സജീവമാണ്.

View this post on Instagram

A post shared by Juli Lbr-Rathee (@juli_lbr)

Similar Posts