India
Rights activist Irom Sharmila demands Manipur CMs resignation
India

മുഖ്യമന്ത്രി രാജിവെക്കണം; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപെടണം: ഇറോം ശർമിള

Web Desk
|
19 Nov 2024 2:33 PM GMT

സംഘർഷം നിയന്ത്രിക്കാനെന്നപേരിൽ അഫ്സ്പ ഏർപ്പെടുത്തുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഇറോം ശർമിള പറഞ്ഞു.

ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ഇറോം ശർമിള. സംസ്ഥാനത്തെ ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രൂരമായ സായുധസേനാ പ്രത്യേകാവകാശ നിയമം പുനഃസ്ഥാപിക്കാനുള്ള തീരുമാനം കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ വികാരം മനസ്സിലാക്കാനും കേന്ദ്രം ഹിതപരിശോധന നടത്തണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ വൈവിധ്യവും മൂല്യങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ കേന്ദ്രം തയ്യാറാവണമെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഇറോം ശർമിള ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മേഖലയുടെ സവിശേഷതകൾ കൃത്യമായി മനസ്സിലാക്കണം. മണിപ്പൂരിനോടുള്ള കേന്ദ്രത്തിന്റെ സമീപനം ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നു. പക്ഷേ മണിപ്പൂരിലേക്ക് പോകാൻ അദ്ദേഹം തയ്യാറാകുന്നില്ല. അദ്ദേഹം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ്. മണിപ്പൂരിൽ സംഘർഷാവസ്ഥ 18 മാസം പിന്നിടുമ്പോഴും ഒരു തവണ പോലും അവിടെ സന്ദർശിക്കാൻ അദ്ദേഹം തയ്യാറായില്ല. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാൽ മാത്രമേ മണിപ്പൂരിലെ പ്രശ്‌നം പൂർണമായും പരിഹരിക്കാനാവൂ എന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രി ബിരേൻ സിങ് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. ബിജെപി അടിയന്തരമായി മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടണം. മണിപ്പൂരിലെ പ്രശ്‌നങ്ങൾ പഠിക്കുകയും അവിടത്തെ ജനങ്ങൾക്ക് യഥാർഥത്തിൽ എന്താണ് ആവശ്യമെന്ന് മനസ്സിലാക്കുകയുമാണ് കേന്ദ്രം ചെയ്യേണ്ടതെന്നും ഇറോം ശർമിള പറഞ്ഞു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ അഫ്‌സ്പ പുനഃസ്ഥാപിച്ചതിനെയും ഇറോം ശർമിള വിമർശിച്ചു. അഫ്‌സ്പ ഒരിക്കലും ഒരു പരിഹാരമല്ല. അത് ക്രൂരമായ നിയമമാണ്. ഏറെക്കാലം മണിപ്പൂരിൽ അഫ്‌സ്പ നിലവിലുണ്ടായിട്ടും സംഘർഷം അവസാനിപ്പിക്കാനായിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തിയിലും ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ അംഗീകരിക്കണം. ദുരിതമല്ലാതെ മറ്റൊന്നും അഫ്‌സ്പ മണിപ്പൂരിലെ ജനങ്ങൾക്ക് നൽകിയിട്ടില്ല. ഇത്തരം കൊളോണിയൽ നിയമങ്ങൾ ഒഴിവാക്കി യഥാർഥ പരിഹാരം നടപ്പാക്കുകയാണ് വേണ്ടതെന്നും ഇറോം ശർമിള പറഞ്ഞു.

മുംബൈയിലോ ഡൽഹിയിലോ അല്ലെങ്കിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ കേന്ദ്രസർക്കാർ അഫ്‌സ്പ ഏർപ്പെടുത്തുമോ? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. കലാപം അടിച്ചമർത്താനെന്നപേരിൽ കോടിക്കണക്കിന് രൂപയാണ് പാഴാക്കുന്നത്. ഇതെല്ലാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ചെലവഴിക്കേണ്ട പണമാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ തുടങ്ങിയ സംഘർഷത്തിൽ മണിപ്പൂരിൽ 200ൽ കൂടുതൽ ആളുകളാണ് കൊല്ലപ്പെട്ടത്.

Similar Posts