ഇതരമതസ്ഥയെ പ്രണയിച്ച യുവാവിന്റെ കൊലപാതകം; ശ്രീരാമസേനാ നേതാവടക്കം 10 പേര്‍ അറസ്റ്റില്‍
|സെപ്തംബര്‍ 28നാണ് അര്‍ബാസ് എന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇതരമതസ്ഥയായ യുവതിയെ പ്രണയിച്ച യുവാവിനെ തലറുത്ത് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ ശ്രീരാംസേനാ നേതാവടക്കം 10 പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ശ്രീരാംസേനാ നേതാവായ മഹാരാജ് പുണ്ഡലീക പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം വാങ്ങി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കര്‍ണാകയില്‍ ശ്രീരാം സേനയുടെ പ്രമുഖ നേതാവാണ് പ്രതിയായ പുണ്ഡലീക. സെപ്തംബര്‍ 28നാണ് അര്‍ബാസ് എന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തന്റെ മകനെ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അര്‍ബാസിന്റെ മാതാവ് നസീമ മുഹമ്മദ് ശൈഖ് പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം ശ്രീരാം സേനാ നേതാവിന് പണം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്.
നേരത്തെ ഇവര്‍ ഖാനാപൂരിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് അര്‍ബാസ് പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. സെപ്തംബര്‍ 26ന് അര്‍ബാസിനെ പെണ്‍കുട്ടിയുടെ കുടുബ ഖാനാപൂരിലേക്ക് വിളിച്ചുവരുത്തിയിരുന്നു. രണ്ട് മതത്തില്‍ പെട്ടവരായതിനാല്‍ ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് അര്‍ബാസിന്റെ ഫോണ്‍ പിടിച്ചെടുത്ത് ചിത്രങ്ങള്‍ ഡിലീറ്റാക്കുകയും സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്‌തെന്ന് അര്‍ബാസിന്റെ മാതാവ് ആരോപിച്ചു. രണ്ടു ദിവസത്തിന് ശേഷം വീണ്ടു അര്‍ബാസിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.