'ജനാധിപത്യത്തെ കുറിച്ച് പറയുംമുമ്പ് ഗോമൂത്രം കൊണ്ട് വായ കഴുകുക'; ത്രിപുര ബി.ജെ.പി മന്ത്രിയുടെ പരാമർശം വിവാദത്തിൽ
|ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്- കോൺഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.
അഗർത്തല: ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഗോമൂത്രം കൊണ്ട് വായ കഴുകുക എന്ന പരാമർശവുമായി ത്രിപുര ബി.ജെ.പി മന്ത്രി. നിയമന്ത്രിയായ രത്തൻ ലാൽ നാഥാണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും സി.പി.എമ്മും രംഗത്തെത്തി.
"ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും മുമ്പ് പ്രതിപക്ഷ പാർട്ടികൾ അവരുടെ വായകൾ ഗോമൂത്രം ഉപയോഗിച്ച് കഴുകുക. അക്രമവും അശാന്തിയും അല്ലാതെ ത്രിപുരയിലെ മുൻ ഭരണകാലത്ത് അവർ എന്താണ് ചെയ്തത്"- ബി.ജെ.പി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ത്രിപുരയിൽ പ്രതിപക്ഷ പാർട്ടികൾ ഗുണ്ടകളുടെ പിന്തുണയോടെയാണ് ഭരണം നടത്തിയതെന്നും ബി.ജെ.പി മന്ത്രി ആരോപിച്ചു. 'ജനാധിപത്യത്തേയും ഭരണഘടനയേയും പുനരുജ്ജീവിക്കാൻ ബി.ജെ.പിയിതര പാർട്ടികൾ ഒരു കുടക്കീഴിൽ വരണം' എന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. അജയ് കുമാറിന്റെ പ്രസ്താവനയോടായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
മന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച സി.പി.എം സെക്രട്ടറി ജിതേന്ദ്ര ചൗധരി, ജനാധിപത്യത്തെ കുറിച്ച് പറയുന്നത് സ്ഥിരമായി ഗോമൂത്രം കുടിക്കുന്നവരെ പ്രകോപിപ്പിക്കുക സ്വാഭാവികമാണെന്നും പരിഹസിച്ചു.
ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്- കോൺഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. 2017ൽ ബി.ജെ.പിയിൽ ചേരുംമുമ്പ് 34 വർഷം കോൺഗ്രസ് നേതാവായിരുന്നു നാഥ്.