India
റിഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു
India

റിഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു

Web Desk
|
31 Dec 2022 6:22 AM GMT

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്.

ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഹരിയാന റോഡ്‌വേയ്‌സ് ആദരിച്ചു. ഇന്നലെ പുലർച്ചെയാണ് റിഷഭ് പന്തിന്റെ കാർ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തുമാണ് ആദ്യം അപകടസ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത്. ഇവർ തന്നെയാണ് പന്തിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.

റോഡ് വേയ്‌സ് അധികൃതർ ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി. പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു.

ഹരിദ്വാറിൽനിന്ന് വരുമ്പോഴാണ് കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുകിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ബസ് നിർത്തി സുശീലും പരംജീത്തും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ചേർന്ന് പന്തിനെ അപകടത്തിൽപ്പെട്ട കാറിൽനിന്ന് വലിച്ച് പുറത്തെടുത്തതിന് പിന്നാലെയാണ് കാറിന് തീപിടിച്ചത്.

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡർ റെയിലിങ്ങിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്.

Similar Posts